അതിവേഗ റെയിൽപ്പാത: ഒരുവർഷത്തിനുശേഷം 11 കിലോമീറ്ററിൽ സർവേ നടത്തി

കണ്ണൂർ:അതിവേഗ തീവണ്ടി 531 കിലോമീറ്ററിൽ ഇനി തടസ്സമില്ലാതെ ഓടും. കാസർകോട്-കൊച്ചുവേളി റൂട്ടിൽ നിർത്തിവച്ച 11 കിലോമീറ്ററിൽ സർവേ പൂർത്തിയാക്കി. കണ്ണൂർ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയിൽ മുടങ്ങിയ ആകാശസർവേ കഴിഞ്ഞ ആഴ്ച നടത്തി. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഒരുവർഷമായി സർവേ നടത്താൻ സാധിച്ചിരുന്നില്ല.
പോലീസ് സംരക്ഷണയിലാണ് സർവേ പൂർത്തിയാക്കിയതെന്ന് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ.) എം.ഡി. വി.അജിത്കുമാർ പറഞ്ഞു. മൂടാടിയിൽ ഉൾപ്പെടെ പരിസരവാസികളുടെ തടസ്സമുണ്ടായില്ല. അർധ അതിവേഗ റെയിൽപ്പാതയ്ക്കുവേണ്ടി ഈ ഭാഗങ്ങളിൽ ഇനി ഭൂമിയേറ്റെടുക്കൽ ഉടൻ നടക്കും.
അലൈൻമെന്റ് മാറിയ ചാലക്കുന്ന്-കൊയിലാണ്ടി വരെയുള്ള 49 കിലോമീറ്ററിൽ 2020 ഒക്ടോബറിലാണ് കെ.ആർ.ഡി.സി.എൽ. സ്വകാര്യ ഏജൻസിവഴി സാറ്റലൈറ്റ് സർവേ നടത്തിയത്. എന്നാൽ സ്വകാര്യഭൂമിയിൽ അധികൃതർ അടയാളം (സർവേക്കല്ല്) വെക്കുമ്പോൾ മൂടാടി-തിക്കോടി ഭാഗങ്ങളിൽ നാട്ടുകാർ എതിർത്തു. ചെറിയ കുടുംബങ്ങളുടെ വലിയ ഭൂമി നഷ്ടമാകും എന്നതായിരുന്നു പ്രശ്നം. പ്രശ്നം മൂലം 2021 സെപ്റ്റംബർ വരെ സർവേ നടത്താനായില്ല.
കെ-റെയിൽ പദ്ധതി മാഹിയെ രണ്ടായി മുറിക്കുമെന്ന പരാതിയെ തുടർന്നാണ് ആദ്യം തയ്യാറാക്കിയ വിശദപദ്ധതി റിപ്പോർട്ടിൽ (ഡി.പി.ആർ.) മാറ്റം വരുത്തിയത്. തുടർന്ന് മാഹിയെ ഒഴിവാക്കി. അപ്പോൾ കൊയിലാണ്ടി മുതൽ ധർമടം, ചാലക്കുന്ന് വരെയുള്ള അലൈൻമെന്റിൽ മാറ്റം വരികയായിരുന്നു.
അർധ അതിവേഗ തീവണ്ടിപ്പാത ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കെ-റെയിൽ വിരുദ്ധസമിതിയുടെ സമരം തുടരുകയാണ്. കാട്ടിലപ്പീടികയിൽ നടക്കുന്ന സത്യാഗ്രഹം 375 ദിവസം പിന്നിട്ടു. സമരം തുടരുമെന്ന് കെ-റെയിൽവിരുദ്ധ കമ്മറ്റി സംസ്ഥാന ജന. കൺവീനർ എസ്.രാജീവൻ പറഞ്ഞു. 11 കിലോമീറ്ററിൽ സർവേ നടന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

