റിയാസിനെതിരേ വിമർശനം: വിശദീകരണത്തോടെ വിവാദം തീർക്കാൻ സി.പി.എം

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും അതിനോടു കലഹിച്ച് പാർട്ടി എം.എൽ.എ.മാർ തന്നെ രംഗത്തുവന്നതും വിവാദമില്ലാതെ തീർക്കാൻ സി.പി.എം.
മന്ത്രിയും എം.എൽ.എ.മാരും രണ്ടുതട്ടിലാണെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്ന നിർദേശമാണ് നേതാക്കൾ നൽകിയത്. റിയാസിന്റെ വിശദീകരണത്തോടെ വിവാദങ്ങൾ തീർക്കാനുള്ള ശ്രമമാണ് പാർട്ടിയുടേത്.
കരാറുകാരുടെ വക്കാലത്തുമായി എം.എൽ.എ.മാർ മന്ത്രിയെ കാണാനെത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് റിയാസ് ഒക്ടോബർ ഏഴിന് നിയമസഭയിൽ നടത്തിയ പരാമർശമാണ് പാർട്ടിയിലെത്തന്നെ എം.എൽ.എ.മാരെ ചൊടിപ്പിച്ചത്. തുടർന്ന്, 12-നു നടന്ന സി.പി.എം. നിയസഭാകക്ഷി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായ എ.എൻ. ഷംസീർ ഇതിനെതിരേ രംഗത്തുവന്നു. എതിർപ്പ് കടുപ്പിച്ചില്ലെങ്കിലും മറ്റുചില എം.എൽ.എ.മാരും ഇതിനോടു യോജിച്ചതായാണു വിവരം. എം.എൽ.എ.മാരെ കള്ളത്തരത്തിന്റെ ഇടനിലക്കാരായി ചിത്രീകരിക്കുന്ന രീതിയിലായി മന്ത്രിയുടെ പരാമർശം എന്നതാണ് എതിർപ്പ് ഉയർത്തുന്നവരുടെ നിലപാട്.
അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കാനാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്ന് നിയമസഭാകക്ഷി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ അപ്പോൾ ചൂണ്ടിക്കാട്ടി. വിമർശനമുണ്ടായപ്പോൾ മന്ത്രി ഖേദപ്രകടനം നടത്തിയെന്ന രീതിയിൽ വാർത്ത പ്രചരിച്ചതോടെ അത് റിയാസിനും ക്ഷീണമായി. ഈ ഘട്ടത്തിലാണ് പാർട്ടിക്കുള്ളിലും ഭരണപക്ഷത്തും തർക്കങ്ങളുണ്ടെന്ന പ്രതീതി ഇല്ലാതാക്കണമെന്ന നിർദേശം നേതാക്കൾ നൽകിയത്. മന്ത്രിതന്നെ അതിന് വിശദീകരണവും വ്യക്തതയും നൽകാൻ രംഗത്തെത്തിയതും അതുകൊണ്ടാണ്.
റിയാസിനെ പിന്തുണച്ച് സി.പി.എം.
കരാറുകാരെക്കൂട്ടി എം.എൽ.എ.മാർ മന്ത്രിയെക്കാണാൻ വരേണ്ടെന്ന പ്രസ്താവനയിൽ പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയത് പാർട്ടിയുടെ പൊതുനിലപാടാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
പൊതുവേ ഇത്തരം കാര്യങ്ങളിൽ പൊതുനിർദേശങ്ങൾ സി.പി.എം. നൽകാറുണ്ട്. അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയത്. സർക്കാരും മന്ത്രിമാരും പൊതുവേ നല്ലനിലയിലാണ് പ്രവർത്തിച്ചുവരുന്നത്. സർക്കാർ ഊർജസ്വലമായി പ്രവർത്തിക്കുമ്പോൾ അതിനു മങ്ങലേൽപ്പിക്കാനുള്ള ശ്രമമുണ്ടാവുക സ്വാഭാവികമാണെന്ന്, സി.പി.എം നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിക്കെതിരേ വിമർശനമുണ്ടായെന്ന വാർത്തയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

