125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു മുങ്ങിയെന്ന് വ്യാജ പ്രചാരണം

തിരൂർ (മലപ്പുറം): തിരൂർ പുതിയങ്ങാടിയിൽ 125 പവൻ സ്വർണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം മുങ്ങിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഒരു മാസം മുമ്പ് വിവാഹിതയായ വൈലത്തൂർ സ്വദേശിനിയായ യുവതിയാണ് ഭർതൃവീട്ടിൽനിന്നും ഒളിച്ചോടിയതെന്നും വിവാഹ സമയത്ത് വീട്ടുകാർ നൽകിയ 125 പവനിലേറെ സ്വർണാഭരണങ്ങളുമായാണ് കാമുകനോടൊപ്പം സ്ഥലം വിട്ടതെന്നുമാണ് വ്യാജ പ്രചാരണം.
തലക്കടത്തൂർ പള്ളിപ്പടിയിലെ യുവാവിനോടൊപ്പമാണ് നവവധു ഒളിച്ചോടിയതെന്നും ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണെന്നും പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വാർത്തയും ദൃശ്യവും പ്രചരിപ്പിക്കുന്നുണ്ട്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യാജ വാർത്തയിലുണ്ട്.
എന്നാൽ, ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യാജ പ്രചാരണമാണെന്ന് മനസ്സിലായതായും തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. പ്രചാരണം വ്യാജമാണെന്ന് ബി.പി അങ്ങാടി സ്വദേശിയും പൊതുപ്രവർത്തനുമായ സി.പി ബാപ്പുട്ടിയും പ്രതികരിച്ചു.

