കത്തിക്കയറി കോവയ്ക്ക, 100 രൂപയിലെത്തി; പച്ചക്കറി വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ് ജനം

കാസർകോട് ∙ പൊള്ളുന്ന പച്ചക്കറി വിലയ്ക്കു കുറവില്ല. കഴിഞ്ഞ 10 ദിവസത്തോളമായി ഉയർന്ന വില തുടരുകയാണ്. വിപണിയിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ജില്ലയിൽ ശക്തമായി. എന്നാൽ ഹോർട്ടികോർപ് വിതരണ കേന്ദ്രങ്ങളില്ലാത്തതിനാൽ സർക്കാർ ഇടപെടലിന്റെ മെച്ചം ജില്ലയ്ക്കു ലഭിക്കുന്നില്ല. തക്കാളി വില ചില്ലറ വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. എന്നാൽ കണ്ണൂർ ഹോർട്ടികോർപ് വിൽപന കേന്ദ്രത്തിൽ 62 രൂപയാണ്. കണ്ണൂരിലെ സർക്കാർ വിപണന കേന്ദ്രങ്ങളിൽ വിൽപന വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
കർണാടകയിലും ആന്ധ്രയിലും കനത്ത മഴ പെയ്തതു പച്ചക്കറി വില ഉയരാൻ കാരണമായി. വില നിയന്ത്രിക്കാൻ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു കൃഷി വകുപ്പ് നേരിട്ടു ശേഖരിക്കുന്ന പച്ചക്കറിയുടെ ആദ്യ ലോഡ് കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. പൊതുവിപണിയെക്കാൾ 10 മുതൽ 40 രൂപ വരെ കുറച്ചാണു ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽപനശാലകൾ വഴി വിൽക്കുക. എന്നാൽ ഇതിന്റെയൊന്നും മെച്ചം ജില്ലയ്ക്കു ലഭിക്കുന്നില്ല. ഓണ സമയത്തു കൃഷിവകുപ്പ് വിപണന കേന്ദ്രങ്ങളിൽ ഹോർട്ടികോർപ് പച്ചക്കറിയെത്തിച്ചിരുന്നു.
കത്തിക്കയറി കോവയ്ക്ക
കഴിഞ്ഞ ദിവസം 100 കടന്ന തക്കാളി വില കിലോയ്ക്ക് 70ലേക്കു താഴ്ന്നപ്പോൾ കുതിച്ചുയർന്നതു കോവയ്ക്ക വില. നാടൻ കോവയ്ക്ക വില ഇന്നലെ 100 രൂപയിലെത്തി. കാസർകോട് ചില്ലറ വിൽപന കടകളിൽ വെണ്ടയ്ക്ക 80, മുരിങ്ങക്കായ 180, വെള്ളരിക്ക 60, കാരറ്റ് 80 എന്നിങ്ങനെയാണു വില. നീലേശ്വരത്തു തക്കാളിക്ക് 72, മുരിങ്ങ 140, കാരറ്റ് 68 എന്നിങ്ങനെയാണു വില.
ഉടൻ വരണം, ഹോർട്ടികോർപ്
കണ്ണൂരിലാണു നിലവിൽ ഹോർട്ടികോർപ് ഓഫിസുള്ളത്. നവംബർ 25നാണു പച്ചക്കറി വില ഏറ്റവും ഉയർന്നിരുന്നത്. ഒരാഴ്ചയ്ക്കിടെ 15% വരെ പുറത്തെ വിലയേക്കാൾ കുറച്ചു നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു പുറത്തെ വിപണി വില കുറയ്ക്കാനും സഹായകമായി. കാസർകോട് ജില്ലാ സംഭരണ കേന്ദ്രം ഓഫിസ് തയാറാകേണ്ടതുണ്ട്. അതിനുശേഷമേ വിതരണ കേന്ദ്രം തുടങ്ങാനാകൂ. നിലവിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന വില നിയന്ത്രണ മാർഗങ്ങളുടെ ഫലം ജില്ലയ്ക്കു ലഭിക്കുന്നില്ല. കാഞ്ഞങ്ങാട് മേഖലയിലാണു സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നത്. സംഭരണ കേന്ദ്രവും ഓഫിസ് സൗകര്യവും വേണം.
സേവനം വിപുലമാക്കാൻ ഹോർട്ടികോർപ്
കൃഷി വകുപ്പിനു കീഴിലെ എക്കോ ഷോപ്പുകൾ വഴി ഹോർട്ടികോർപ്പിനു വിൽപന നടത്താം. എന്നാൽ കണ്ണൂരിൽ നിന്നു കാസർകോട് എത്തിക്കുന്ന ചെലവ് പ്രശ്നമാണ്. നിലവിൽ ചീമേനി തുറന്ന ജയിൽ, കാഞ്ഞങ്ങാട് സബ് ജയിൽ എന്നിവിടങ്ങളിലേക്കു പച്ചക്കറി എത്തിക്കുന്നത് ഹോർട്ടികോർപ്പാണ്.
വിഎഫ്പിസികെയുടെ പ്രതിസന്ധി
കഴിഞ്ഞ വർഷം നവംബറിൽ വിഎഫ്പിസികെ 14 ടൺ പച്ചക്കറി സംഭരിച്ച സ്ഥാനത്ത് ഇക്കഴിഞ്ഞ മാസം സംഭരിച്ചത് 5 ടൺ മാത്രം. ഉൽപാദനത്തിലും സംഭരണത്തിലും മൂന്നിൽ രണ്ട് കുറവ്. ഈ വർഷത്തെ കനത്ത മഴമൂലം പച്ചക്കറി കർഷകർ വലിയ നാശമാണു നേരിട്ടത്. ചില്ലറ വിൽപന ഹോർട്ടികോർപ്പാണു നടത്തുന്നത്. സംഭരിച്ചു കൈമാറുകയാണു വിഎഫ്പിസികെ ചെയ്യുന്നത്. 8 സംഭരണ കേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. വിൽപന ഫ്രാഞ്ചൈസി 3 കേന്ദ്രങ്ങൾക്കു നൽകിയിട്ടുണ്ട്

