കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ ആശങ്ക വിതച്ചു കൊണ്ടാണ് മൂന്നു പഞ്ചായത്തുകളിൽ പക്ഷിപ്പനി (Bird flu)സ്ഥിരീകരിച്ചത്. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ ആണ് രോഗബാധ കണ്ടെത്തിയത് എന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഒരാഴ്ച മുൻപ് അയച്ച സാമ്പിളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് എന്ന് കോട്ടയം ജില്ലാ കളക്ടർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കൂടുതൽ വ്യാപിക്കാതിരിക്കാൻ ശ്രമം നടത്തിവരുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള പക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. താറാവുകൾ, കോഴികൾ മറ്റ് വളർത്തു പക്ഷികൾ എന്നിവയെയെല്ലാം കൊന്നൊടുക്കും.
ഇതിനായി പ്രത്യേക ദ്രുതകർമ്മ സേനയെ നിയോഗിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു.നാളെ രാവിലെ മുതൽ പക്ഷികളെ കൊല്ലുന്ന നടപടി തുടങ്ങും. വെച്ചൂർ പഞ്ചായത്തിൽ ഇന്നലെ 4,5 വാർഡുകളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡിലും ഐമനം പഞ്ചായത്തിലെ മൂന്നാം വാർഡിലും രോഗം സ്ഥിരീകരിച്ചു28000 മുതൽ 35000 പക്ഷികളെ വരെ നശിപ്പിക്കേണ്ടി വരും എന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കുകൂട്ടുന്നത്. 10 ദ്രുതകർമ സേന ഇതിനായി പ്രവർത്തിക്കും. കല്ലറ 600 ൽ താഴെ മാത്രം തറാവുകളെ കൊന്നാൽ മതിയാകും. ഇവിടെയാണ് ഏറ്റവും കുറച്ച് പക്ഷികൾക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പക്ഷികളെ കൊന്നൊടുക്കേണ്ടവെച്ചൂരിൽ 5 സംഘം പ്രവർത്തിക്കും. മൂന്ന് ദിവസത്തിനുള്ളിൽ പ്രവർത്തനം പൂർത്തിയാക്കും എന്നും ജില്ലാ കളക്ടർ പി കെ ജയശ്രീ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ മേഖലകളിൽ രാത്രിയിൽ പോലീസ് നിരീക്ഷണം ഉണ്ടാകും എന്നും ജില്ലാ കളക്ടർ അറിയിച്ചു. മറ്റിടങ്ങളിൽ നിന്ന് താറാവുകളെ കൊണ്ട് വരുന്നത് നിരോധിക്കും. ഇത് നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് കൂടുതൽ പോലീസിനെ നിയോഗിക്കുന്നത് എന്നും കോട്ടയം ജില്ലാ കളക്ടർ പറഞ്ഞു. പക്ഷികളെ കൊന്നൊടുക്കുന്നസംഘത്തിന് താമസിക്കാൻ സ്കൂളുകളിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഇവരുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷമായിരിക്കും നാളെ രാവിലെ പക്ഷികളെ കൊല്ലുന്ന നടപടി ആരംഭിക്കുക. വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ച് ഇതിനുവേണ്ടിയുള്ള പ്രവർത്തനമാരംഭിച്ചു. ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

