KSDLIVENEWS

Real news for everyone

കൊവിഡ് കൊള്ള: 1500 രൂപയുടെ തെർമോമീറ്റർ വാങ്ങിയത് 5400 രൂപയ്ക്ക്, ലക്ഷങ്ങളുടെ വെട്ടിപ്പ്

SHARE THIS ON

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററിന്‍റെ മറവിലും ലക്ഷങ്ങളുടെ വെട്ടിപ്പ് . 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ കിട്ടുമെന്നിരിക്കെ സര്‍ക്കാര്‍ കൊടുത്തത് ഒന്നിന് 5400 രൂപ. ഏറ്റവും മികച്ചത് 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു.

കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സുപരിചതമായതാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ. ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും എന്ന് വേണ്ട എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിട്ടത്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് ഇതിനായി ഉപയോഗിച്ചതും. സര്‍ക്കാരിനും ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ ധാരാളം വേണ്ടി വന്നു.

അടിയന്തര ആവശ്യത്തിന്റെ പേരില്‍ തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിന് സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നു. 5400 രൂപയ്ക്ക് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ നല്‍കാമെന്നായിരുന്നു ക്വട്ടേഷൻ. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍റെ അന്നത്തെ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ആര്‍ ദിലീപ് കുമാര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യുന്നു. വിപണിവിലയുടെ മൂന്നിരട്ടി തീരുമാനിച്ച് ക്വട്ടേഷന്‍ കിട്ടിയ ദിവസം തന്നെ ഫയല്‍ തുടങ്ങുന്നു.


അന്ന് തന്നെ വൈകുന്നേരത്തിന് മുമ്പ് പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി. ഒരു ഉദ്യോഗസ്ഥന്‍ പോലും വിപണി വിലയെക്കുറിച്ച് ഫയലില്‍ ഒരക്ഷരം മിണ്ടിയില്ല. ജനറല്‍ മാനേജറുടെ തീരുമാനം അതുപോലെ നടപ്പായി. വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.

കൊവിഡ് വന്നതോടെ ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിൽ കൈയ്യും കണക്കുമില്ലാതെ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയതിന്‍റെ രേഖകളാണിതെല്ലാം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കാട്ടിയ ആത്മാര്‍ത്ഥത പക്ഷേ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ കാണിച്ചില്ലെന്ന് വ്യക്തമാവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!