KSDLIVENEWS

Real news for everyone

കൊലപാതകത്തിനു മുമ്പ് ഒത്തുകൂടി മദ്യപാനം; കാൽപ്പാദം വലിച്ചെറിഞ്ഞത് സുധീഷ് ഉണ്ണി

SHARE THIS ON

പോത്തൻകോട്:വീടിനുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതി മങ്കാട്ടുമൂല എസ്.എസ്.ഭവനിൽ സുധീഷ് ഉണ്ണി (മങ്കാട്ടുമൂല ഉണ്ണി-29), മൂന്നാംപ്രതി കുടവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ ശ്യാംകുമാർ (മുട്ടായി ശ്യാം-29) എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. 11 പേരാണ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടികിട്ടാനുള്ളയാൾ.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35)യാണ് വെട്ടിക്കൊലപ്പെടുത്തിയത്. 11-ന് ഉച്ചയ്ക്ക് രണ്ടരയോടെ കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിൽവെച്ചാണ് കൊല്ലപ്പെട്ടത്. വെട്ടിമുറിച്ച സുധീഷിന്റെ കാൽപ്പാദം സുധീഷ് ഉണ്ണിയാണ് എടുത്തുകൊണ്ട് ബൈക്കിൽ കയറിപ്പോയതും അരക്കിലോമീറ്റർ അകലെ റോഡിൽ വലിച്ചെറിഞ്ഞതുമെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുധീഷ് ഉണ്ണിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. സുധീഷ് ഉണ്ണിയും ശ്യാംകുമാറും ഒട്ടകം രാജേഷും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഒട്ടകം രാജേഷാണ് സംഘടിപ്പിച്ചത്.


ഒട്ടകം രാജേഷിനെക്കൂടി പിടികൂടിയാൽ മാത്രമേ കേസിന്റെ പൂർണ ചിത്രം വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം. ആക്രമണത്തിനു മുമ്പ് ശാസ്തവട്ടത്തുള്ള കേന്ദ്രത്തിൽ ഒത്തുകൂടിയ പ്രതികൾ മദ്യപിച്ചശേഷമാണ് കല്ലൂരിലേക്കെത്തിയത്. ആക്രമണശേഷം ആയുധങ്ങളുമായി ശാസ്തവട്ടത്ത് മടങ്ങിയെത്തി. തുടർന്ന് പല വഴിക്കായി പിരിയുകയായിരുന്നു. പിന്നീട് ഒട്ടകം രാജേഷ് പ്രതികളിലാരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഇയാളെ കണ്ടെത്താൻ പോലീസിന് തടസ്സമായിരിക്കുന്നത്. ഉടനെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് നല്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!