KSDLIVENEWS

Real news for everyone

ആമാശയത്തിൽ കുടുങ്ങിയ മൊട്ടുസൂചി ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്തു

SHARE THIS ON

കാക്കനാട്:വസ്ത്രത്തിൽ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങിപ്പോയ പത്താം ക്ലാസുകാരി അനുഭവിച്ചത് മണിക്കൂറുകൾ നീണ്ട കൊടുംവേദന. ആമാശയത്തിൽ കുടുങ്ങിയ മൊട്ടുസൂചി 10 മണിക്കൂറുകൾക്കു ശേഷം ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തു. കാക്കനാട് അത്താണി തുരുത്തേപറമ്പിൽ വീട്ടിൽ, ഡ്രൈവറായ ഷിഹാബിന്റെ മകൾ ഷബ്ന (15) യാണ് കടിച്ചു പിടിച്ച മൊട്ടുസൂചി അബദ്ധത്തിൽ വിഴുങ്ങിയത്.

6 സെന്റിമീറ്റർ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്ന തലയിൽ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോൾ അത് കുത്താൻ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ എടുത്തപ്പോൾ മൊട്ടുസൂചി ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. ഈ സമയമൊക്കെ അസഹനീയ വേദന തിന്നുകയായിരുന്നു ഷബ്ന. ഒടുവിൽ അർധരാത്രിയോടെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്കു മാറ്റി. അവിടെ എക്സ്റേയിൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിൽ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് എൻഡോസ്കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ഒരു മണിക്കൂർ എടുത്തു എൻഡോസ്കോപ്പി ശസ്ത്രക്രിയയ്ക്ക്. ആരോഗ്യനില വീണ്ടെടുത്ത പെൺകുട്ടി വൈകാതെ ആശുപത്രി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!