ഒന്നും ചെയ്യല്ലേ… സുധീഷ് കാലില്‍വീണ് കരഞ്ഞപേക്ഷിച്ചു’; തെളിവെടുപ്പിനിടെ നിര്‍വികാരരായി പ്രതികള്‍

ആറ്റിങ്ങൽ: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ടു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ അന്വേഷണോദ്യോഗസ്ഥനായ പോത്തൻകോട് സി.ഐ. കെ.ശ്യാം സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
മങ്കാട്ടുമൂല എസ്.എസ്.ഭവനിൽ സുധീഷ് ഉണ്ണി (മങ്കാട്ടുമൂല ഉണ്ണി-29), രണ്ടാംപ്രതി ചിറയിൻകീഴ് അഴൂർ ഭഗവതീക്ഷേത്രത്തിനു സമീപം വിളയിൽവീട്ടിൽ രാജേഷ് (ഒട്ടകം രാജേഷ്-36), മൂന്നാംപ്രതി കുടുവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ ശ്യാംകുമാർ (29), ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിധീഷ് (27), ശാസ്തവട്ടം സീനഭവനിൽ നന്ദീഷ് (ശ്രീക്കുട്ടൻ-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത് (പ്രസാദ്-28),
തോന്നയ്ക്കൽ കുഴിന്തോപ്പിൽവീട്ടിൽ ജിഷ്ണു (ഉണ്ണി-22), കോരാണി വൈ.എം.എ. ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു-23), മുദാക്കൽ ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴിവീട്ടിൽ അരുൺ (23), പിരപ്പൻകോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയിൽ ശ്രീനാഥ് (നന്ദു-21) എന്നിവരാണ് റിമാൻഡിലുള്ളത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വലിയകുന്ന് താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയശേഷം പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തിച്ചു.
തെളിവെടുപ്പുകൾക്കും ചോദ്യം ചെയ്യലിനുംശേഷം 24ന് വൈകീട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കണം.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു
ആറ്റിങ്ങൽ: പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സി.ഐ. കെ.ശ്യാം, എസ്.ഐ. വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ സ്ഥലത്തെത്തിച്ചത്. ജങ്ഷനിൽ പോലീസ് വാഹനം നിർത്തി പ്രതികളെ പുറത്തിറക്കിയശേഷം കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി. കൊലപാതകം നടന്നദിവസം വീടിനുള്ളിൽ നടന്ന സംഭവങ്ങൾ പ്രതികൾ പോലീസിനു വിവരിച്ചുകൊടുത്തു. തുടർന്ന് മുറിച്ചെടുത്ത കാല് വലിച്ചെറിഞ്ഞ സ്ഥലത്തും പ്രതികളെ എത്തിച്ചു. അരമണിക്കൂറോളം സമയം തെളിവെടുപ്പ് നടത്തിയശേഷം പ്രതികളുമായി പോലീസ് മടങ്ങിപ്പോയി.
നിർവികാരരായി പ്രതികൾ
പോത്തൻകോട്: സുധീഷ് വധക്കേസിലെ പ്രതികളെ കനത്ത സുരക്ഷയിലാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ഇവരെ കല്ലൂരിൽ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
കല്ലൂർ ജങ്ഷനിലും കൊലപാതകം നടന്ന വീടിന്റെ പരിസരത്തും ജനക്കൂട്ടമെത്തി. കല്ലൂർ ജങ്ഷനിൽ നിർത്തിയ പോലീസ് വാഹനത്തിൽനിന്ന് വിലങ്ങണിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ നിർവികാരതയോടെ പോലീസുകാർക്കൊപ്പം മുന്നോട്ടുനീങ്ങി. ക്രൂരമായ കൊലപാതകം നടത്തിയവർ മുന്നിലൂടെ കടന്നുപോയപ്പോഴും നാട്ടുകാരുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നുമുണ്ടായില്ല. സമാധാനപരമായി തെളിവെടുപ്പ് നടത്താൻ ഇത് പോലീസിനെ സഹായിച്ചു.
കല്ലൂർ പാണൻവിളയിൽ സജീവിന്റെ വീടിനുള്ളിലിട്ടാണ് 11ന് ഉച്ചയ്ക്ക് പ്രതികൾ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്നുമുതൽ ഈ വീട്ടിൽ ആൾത്താമസമില്ല. സജീവും കുടുംബവും ബന്ധുവീട്ടിലാണ് കഴിയുന്നത്.
സുധീഷിനെ കൊലപ്പെടുത്താനായി വന്ന വഴിയും സുധീഷിനെ കണ്ടുമുട്ടിയശേഷം നടത്തിയ ആക്രമണരീതികളും പ്രതികൾ പോലീസിനോടു വിവരിച്ചു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് തെല്ലും കൂസലില്ലാതെയായിരുന്നു പ്രതികളുടെ മറുപടി. വീടിനുള്ളിൽ സുധീഷിനെ വെട്ടിവീഴ്ത്തിയ സ്ഥലം പ്രതികൾ പോലീസിന് കാണിച്ചുകൊടുത്തു.
സുധീഷിനെ അന്വേഷിച്ചെത്തുമ്പോൾ പ്രതികൾ പ്രദേശത്തെ മൂന്ന് വീടുകളിൽ കയറി ജനാലകൾ തല്ലിപ്പൊളിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വീടുകളിലേക്ക് പ്രതികളെ കൊണ്ടുപോയില്ല. തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുമ്പോഴും പ്രതികൾക്ക് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല.
പുറത്തുവരാനുള്ളത് ഗൂഢാലോചന; വാഹനങ്ങൾ കണ്ടെത്തണം
ആറ്റിങ്ങൽ: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതികളെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പോലീസിന് ചോദ്യം ചെയ്യലിലൂടെ പുറത്തുകൊണ്ടുവരാനുള്ളത് നിരവധി കാര്യങ്ങൾ. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം, കുറ്റകൃത്യത്തിൽ നേരിട്ടോ അല്ലാതെയോ കൂടുതലാളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നറിയണം, ഗൂഢാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ ഒളിവിൽക്കഴിയാനും രക്ഷപ്പെടാനും സഹായിച്ചവരെയും കണ്ടെത്തണം.
ആക്രമണത്തിനായി സംഭവസ്ഥലത്തെത്താനും രക്ഷപ്പെടാനും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തണം, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ പിടിച്ചെടുക്കണം, കുറ്റകൃത്യത്തെക്കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും വ്യക്തതവരുത്തേണ്ടതുണ്ട്.
പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്ത് കേസിൽ വ്യക്തതവരുത്തുമെന്നും ആവശ്യമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകളിലുമായാണ് പ്രതികൾ ആക്രമണത്തിനെത്തിയത്.
ഇതിൽ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്കുകൾ കണ്ടെത്തേണ്ടതുണ്ട്. കോടതി അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് പോലീസ് പറഞ്ഞു.
‘ഒന്നും ചെയ്യല്ലേ…സുധീഷ് കരഞ്ഞപേക്ഷിച്ചു’
പോത്തൻകോട്: ആയുധങ്ങളുമായി അടുക്കലെത്തുമ്പോൾ സുധീഷ് കാലിൽവീണ് ഒന്നുംചെയ്യല്ലേയെന്നു കരഞ്ഞപേക്ഷിച്ചുവെന്ന് പ്രതികൾ പോലീസിന് മൊഴിനൽകി. തിരിച്ച് ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നും വെറുതേവിടണമെന്നും സുധീഷ് പ്രതികളോട് അപേക്ഷിച്ചു. -പോലീസ് പറഞ്ഞു.
കല്ലൂർ പാണൻവിളയിലെ വീട്ടിൽ സുധീഷ് ഉണ്ടെന്നറിഞ്ഞുതന്നെയാണ് ഇവിടേക്കെത്തിയത്. ഓടിച്ച് വീട്ടിൽ കയറ്റുകയായിരുന്നില്ലെന്നും പ്രതികൾ മൊഴിനൽകി. മറ്റുള്ളവരുടെ മൊഴികളുമായി ചേർത്ത് വെച്ച് ഇവ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സുധീഷ് കൊല്ലപ്പെട്ട വീടിന്റെ ഉടമയായ സജീവും ഭാര്യയും പോലീസിൽ മൊഴി നൽകി മടങ്ങുമ്പോൾ ഭീഷണിയുണ്ടായി. ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയതായി ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി നൽകിയിട്ടില്ല. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

