KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈന്‍: നിലപാടിലുറച്ച്‌ തരൂര്‍, തരൂരിനെതിരെ കൂടുതല്‍ എംപിമാര്‍

SHARE THIS ON

കെ-റെയിലിനെതിരായ യുഡിഎഫ് നീക്കങ്ങളുടെ ഭാഗമാകാത്ത നില്‍ക്കുന്ന ശശിതരൂരിന്റെ നിലപാടില്‍ എതിര്‍പ്പുമായി കൂടുതല്‍ എംപിമാര്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സംസാരിച്ചിട്ടും ശശി തരൂര്‍ നിലപാട് മാറ്റിയിട്ടില്ല. പദ്ധതിയിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തരൂര്‍.

കെ -റെയിലിന്റെ കാര്യത്തില്‍ 18 എംപിമാര്‍ ഒരുഭാഗത്തും ശശിതരൂര്‍ മറുഭാഗത്തും നില്‍ക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍. എം.കെ മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന സമിതി റിപ്പോര്‍ട്ട് തരൂരിന് ലഭിക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണയാണെന്ന കെസി വേണുഗോപാലിന്റെ വാദം മറ്റു എംപിമാര്‍ അംഗീകരിച്ചിട്ടില്ല.

കെ-റെയിലിന്റെ ഡി.പി.ആര്‍ പുറത്തുവിടാന്‍ മടികാണിക്കുന്ന സര്‍ക്കാര്‍ വിശദമായ ചര്‍ച്ച വേണമെന്ന തരൂരിന്റെ നിലപാട് അംഗീകരിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിളിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ചര്‍ച്ച സംഘടിപ്പിക്കാനാണ് തരൂരിന്റെ നീക്കം. ഇത്തരത്തിലുള്ള ഒറ്റയാന്‍ നീക്കവുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് എംപിമാര്‍ സ്വീകരിച്ചിരിക്കുന്നത്.

തരൂരിന്റെ മോശം കാലത്ത് കൂടെ നിന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നു കെ മുരളീധരന്‍ ഓര്‍മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ തരൂരിന്റെ നിലപാടില്‍ കോണ്‍ഗ്രസ് -ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മധ്യവര്‍ഗത്തിനിടയില്‍ തരൂരിനുള്ള സ്വാധീനവും എംപി ആണെന്നതും പരിഗണിക്കുമ്ബോള്‍ കടുത്ത നടപടിയിലേക്കു കടക്കാനും കഴിയുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ് കോണ്‍ഗ്രസ്. കെ റെയിലിനെതിരായ യുഡിഎഫ് പ്രതിഷേധം ഡല്‍ഹിയില്‍ തരൂരില്‍ തട്ടി പാളം തെറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!