ആലപ്പുഴയിലെ കൊലപാതകങ്ങള്‍: ഇത് ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം, പ്രതികള്‍ കേരളം വിട്ടെന്ന് എഡിജിപി

ആലപ്പുഴ: രഞ്ജിത് വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എ.ഡി.ജി.പി. വിജയ് സാഖറെ. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു ‘ക്യാറ്റ് ആൻഡ് മൗസ് ഗെയിം’ ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബി.ജെ.പി. പ്രവർത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തവരും കൊലപാതകസംഘത്തിനു സഹായം ചെയ്തവരുമാണിത്. കൃത്യം നടത്തിയവരെക്കുറിച്ചുള്ള ഏകദേശ ധാരണ പോലീസിനു ലഭിച്ചിട്ടുണ്ട്.
കൊലപാതകികളെയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താൻ പോലീസിന്റെ നാല് സൈബർ സെല്ലുകളാണു പ്രവർത്തിക്കുന്നത്. എന്നാൽ, കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളാരും സംഭവത്തിനു മുൻപോ ശേഷമോ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിട്ടില്ല.
രണ്ടുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. ആലപ്പുഴ ജില്ലയിൽ സംശയം തോന്നുന്ന 250-ലധികംവീടുകളിൽ പോലീസ് പരിശോധിക്കുന്നുണ്ട്.

