KSDLIVENEWS

Real news for everyone

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍, ശുചിമുറിയില്‍ വെള്ളമില്ല; പിഴവുകളില്‍ അന്വേഷണം

SHARE THIS ON

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിൽ തുടർച്ചയായുണ്ടായ പിഴവുകളിൽ അന്വേഷണം. കഴിഞ്ഞ ദിവസം പൂജപ്പുരയിൽ നടന്ന പിഎൻ പണിക്കർ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് ഗുരുതരമായ പിഴവുകളുണ്ടായത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ലഭിക്കാഞ്ഞതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഔദ്യോഗിക വാഹന വ്യൂഹത്തിലെ ആശയക്കുഴപ്പവുമാണ് സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നത്.

പൂജപ്പുരിയിലെ ഉദ്ഘാടന വേദിയോട് ചേർന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ശുചിമുറിയിൽ ഉപയോഗിക്കാൻ വെള്ളമുണ്ടായിരുന്നില്ല. വാട്ടർ കണക്ഷൻ നൽകാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനിൽക്കേണ്ടി വന്നു. ഇത് ചടങ്ങ് വൈകാനും കാരണമായി.


ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോൾ ലംഘനമാണ്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ രാഷ്ട്രപതിയുടെ ഭാര്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു.

വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ പിന്തുടരാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം ശ്രമിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ഇതും പിഴവായാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ കരുതുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന ഇന്റലിജൻസുകൾ വിശദമായ റിപ്പോർട്ട് തയ്യാറാക്കും. സംഘാടകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!