വീട്ടമ്മയെ മാരകായുധംകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചയാൾ കുത്തേറ്റ് മരിച്ചു

കടുത്തുരുത്തി: സമീപവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മാരകായുധംകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചയാൾ കുത്തേറ്റ് മരിച്ചു. കാപ്പുന്തല പാലേക്കുന്നേൽ സജി ഭാസ്‌കരൻ (55) ആണ് വീട്ടുകാർ ആക്രമണം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടത്. സജിയുടെ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ കാപ്പുന്തലയിലാണ് സംഭവം. നീരാളത്തിൽ സി.സി.ജോസഫിന്റെ (ബേബി) ഭാര്യ അന്ന (മോളി-60), ബേബിയുടെ സഹോദരങ്ങളായ സി.സി.രാജു (60-റിട്ട. ബി.എസ്.എഫ്. എസ്.ഐ.), സി.സി.ജോൺ (62-റിട്ട. സെൻട്രൽ സ്‌കൂൾ) എന്നിവർക്കാണ് സജിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വയറിൽ കുത്തേറ്റ രാജു തെള്ളകത്തെ ആശുപത്രിയിൽ ഐ.സി.യു.വിലും ജോണും മോളിയും മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മോളിയുടെ മുഖം പലതവണ ഭിത്തിയിലിടിപ്പിച്ചു. ഇവരെ കത്തികൊണ്ട് കുത്തി. വസ്ത്രങ്ങളും വലിച്ചുകീറി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-ഉച്ചയോടെ ബേബിയുടെ വീട്ടിലെത്തിയ സജി, കോളിങ് ബെല്ലടിച്ചു. മോളി വാതിൽ തുറന്നു. ബേബി കല്ലറയിൽ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.
വാതിൽ തുറന്നയുടൻ സജി, മോളിയെ ആക്രമിച്ചു. മാസ്‌കും തൊപ്പിയും വെച്ചിരുന്നതിനാൽ മോളിക്ക് സജിയെ മനസ്സിലായില്ല. മോളി നിലവിളിച്ചു. സമീപത്ത് താമസിക്കുന്ന ബേബിയുടെ സഹോദരൻ ജോൺ അവിടേക്ക് വന്നു. ഇദ്ദേഹം സജിയെ തടയാൻ ശ്രമിച്ചു. എന്നാൽ, ഇരുവരെയും സജി ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട്, സമീപത്തുതന്നെ താമസിക്കുന്ന രാജു എത്തി. രാജുവിന്റെ വയറ്റിൽ സജി കത്തികൊണ്ട് കുത്തി.
ഇതിനിടെ, സജിക്കും കുത്തേൽക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
കടുത്തുരുത്തി പോലീസെത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പതിനഞ്ച് വർഷം മുമ്പ് സജിയുടെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ അയൽവാസികൾക്ക് പങ്കുെണ്ടന്ന് വിശ്വസിച്ചിരുന്ന സജി, പലതവണ ഇവരെ ആക്രമിച്ചിരുന്നു. 2017-ൽ ബേബിയുടെ സഹോദരൻ നീരാളത്തിൽ തോമസിനെ ഇയാൾ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. അയൽവാസിയായ പാലേക്കുന്നേൽ അജിത്കുമാറിനെ കമ്പിവടിക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

