മൂന്നില്‍ തോറ്റ് മുന്നോട്ട്: യു.പിയില്‍ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്

എല്ലാ പാര്‍ട്ടികളും നടത്തുന്ന ജീവന്മരണ പോരാട്ടത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ ജയം വീണ്ടും ബി.ജെ.പി കൈയടക്കുമോ, സമാജ്വാദി പാര്‍ട്ടി തിരിച്ചുപിടിക്കുമോ എന്ന് ഉറപ്പിക്കാന്‍ ഇനിയും നാലു ഘട്ടങ്ങള്‍കൂടി കഴിയണം.
എന്നാല്‍, ഇതിനകം നടന്ന മൂന്നു ഘട്ടങ്ങളില്‍, ഭരണവിരുദ്ധ വികാരത്തിനു മുന്നില്‍ ബി.ജെ.പി തോറ്റു. സീറ്റെണ്ണത്തില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് ബി.ജെ.പിയുടെതന്നെ വിലയിരുത്തല്‍. അവര്‍ക്ക് നേരിട്ട കനത്ത തിരിച്ചടി പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിക്ക് വന്‍പ്രതീക്ഷയും ആവേശവുമായി. ബുധനാഴ്ച നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലകളും നിര്‍ണായകം.
ഭരണ സിരാകേന്ദ്രമായ ലഖ്നോവും കര്‍ഷക രോഷത്തിന്റെ അടയാളമായി മാറിയ ലഖിംപുര്‍ ഖേരിയും അടക്കമുള്ള പ്രദേശങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. അതു കഴിഞ്ഞാല്‍ ബി.ജെ.പി പൊതുവെ മേധാവിത്വം അവകാശപ്പെടുന്ന മേഖലകളിലാണ് മറ്റു മൂന്നു ഘട്ടങ്ങള്‍. രാമക്ഷേത്ര നിര്‍മാണം നടക്കുന്ന അയോധ്യ, യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസി തുടങ്ങിയവ ഈ മേഖലകളിലാണ്.
മത്സരം മുറുകിയപ്പോള്‍ ശരിക്കും വിയര്‍ക്കുന്നവരും വിയര്‍ത്തിട്ടു വലിയ കാര്യമില്ലാത്തവരുമായി മാറിപ്പോയിരിക്കുകയാണ് സംസ്ഥാനത്തെ പ്രമുഖരായ നാലു കക്ഷികള്‍. ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും അധികാരം കൈയടക്കാന്‍ വിയര്‍ക്കുന്നു. കൈവിട്ടു പോയ സ്വാധീനം തിരിച്ചുപിടിക്കാന്‍ പോരാടുന്നുവെന്നല്ലാതെ, യോഗി-അഖിലേഷ് പോരിനിടയില്‍ ബി.എസ്.പിക്കും കോണ്‍ഗ്രസിനുമുള്ള ഇടം നേര്‍ത്തുപോയിരിക്കുന്നു. ബിഹാറിലെന്നപോലെ ഒരു കൈ നോക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുമുണ്ട് കളത്തില്‍.
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പലവഴി ചിതറാതിരിക്കാനും യോഗി സര്‍ക്കാര്‍ നേരിടുന്ന കടുത്ത ഭരണവിരുദ്ധ വികാരം മുതലാക്കാനുമുള്ള സമാജ്വാദി പാര്‍ട്ടിയുടെ തീവ്രശ്രമം എത്രകണ്ട് ഫലിക്കുന്നുവോ, അവിടെയാണ് അഖിലേഷ് യാദവിന്റെ ജയസാധ്യത. അനായാസ വിജയം ഒരിക്കല്‍ സ്വപ്നം കണ്ട യോഗിയും ഭരണവിരുദ്ധ വികാരം മുതലാക്കാമെന്ന് കണക്കുകൂട്ടുന്ന അഖിലേഷും യഥാര്‍ഥത്തില്‍, ചാടിക്കടക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത വന്കടമ്ബക്കു മുന്നിലാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കാണുമ്ബോള്‍ യു.പിയില്‍ ബി.ജെ.പിക്ക് ജയിച്ചേ തീരൂ. മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിച്ച് 80 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകളില്‍ പരമാവധി സമാഹരിക്കാന്‍ ബി.ജെ.പി നടത്തുന്ന കരുനീക്കങ്ങളെ സമാജ്വാദി പാര്‍ട്ടിക്ക് എത്രകണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്നതാണ് ഈ അങ്കത്തില്‍ പ്രധാനം. ഹിജാബാണ് ഇപ്പോള്‍ കത്തിക്കുന്ന വിഷയമെങ്കില്‍, വോട്ടെടുപ്പിന്റെ അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ കടന്നു വരാതിരിക്കില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബി.ജെ.പിക്ക് സീറ്റെണ്ണം കുറയുകയാണോ, അതല്ല തോല്‍വി ഏറ്റുവാങ്ങാനാണോ പോകുന്നത് എന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ നാലാംഘട്ട വോട്ടെടുപ്പ് നിര്‍ണായകമാണ്.
ലഖ്നോവിനും ലഖിംപുര്‍ ഖേരിക്കും പുറമെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധാനംചെയ്യുന്ന റായ്ബറേലി, ബി.ജെ.പിയോട് ഇടഞ്ഞുനില്‍ക്കുന്ന മേനക ഗാന്ധിയുടെയും മകന് വരുണ്‍ ഗാന്ധിയുടെയും തട്ടകമായ പിലിഭിത്, സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഉന്നാവ് എന്നിവിടങ്ങള്‍ അടക്കം ഒമ്ബതു ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ്.2017ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ 51ലും ജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍, ഇത്തവണ ചിത്രം മറ്റൊന്ന്. കര്‍ഷക കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രക്കും ബി.ജെ.പിക്കും ഒരുപോലെ പ്രധാനമാണ് ലഖിംപുര്‍ ഖേരിയിലെ ഫലം.

