KSDLIVENEWS

Real news for everyone

പാഴ്സി ജനസംഖ്യ കുത്തനെ കുറയുന്നു; ജിയോ പാഴ്‌സി പദ്ധതിപ്രകാരം ജനിച്ചത് 359 കുഞ്ഞുങ്ങള്‍

SHARE THIS ON

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ പാഴ്സി ജനവിഭാഗത്തിന്റെ എണ്ണം കുത്തനെ കുറയുന്നു. ഇവരുടെ നിലനില്‍പിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ജിയോ പാഴ്‌സി’ പദ്ധതിപ്രകാരം ഇതുവരെ ജനിച്ചത് 359 കുട്ടികള്‍ മാത്രമാണ്. ചെലവാക്കിയതോ 2.25 കോടി രൂപയും. ദമ്പതികള്‍ക്ക് കൗണ്‍സലിങ്, വിവാഹം, കുടുംബബന്ധം തുടങ്ങിയവയെക്കുറിച്ച് ശില്പശാലകള്‍, രക്ഷിതാക്കളുടെ ബോധവത്കരണം, മയക്കുമരുന്നുവിരുദ്ധ ക്ലാസുകള്‍, വന്ധ്യതാനിവാരണത്തിനും വാടകഗര്‍ഭധാരണത്തിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ പാഴ്സികളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ ചെയ്യുന്നതായി ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. വാര്‍ഷികവരുമാനം 10 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ 115 ദമ്പതിമാര്‍ക്ക് 10 ലക്ഷംവീതം സഹായമനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. 1941-ല്‍ 1,14,000-ത്തോളമുണ്ടായിരുന്ന പാഴ്സി വിഭാഗം 2001 സെന്‍സസില്‍ 69,601-ഉം 2011-ല്‍ 57,264 ആയും കുറഞ്ഞു. ഇപ്പോഴേതാണ്ട് അരലക്ഷത്തോളംപേര്‍ മാത്രമാണ് രാജ്യത്തുള്ളത്. 1300 കൊല്ലംമുമ്പ് പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലെത്തിയവരാണ് പാഴ്സികള്‍. യാഥാസ്ഥിതിക മതനിയമങ്ങളിലൂന്നി ജീവിച്ച അവര്‍ സ്വതന്ത്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകത്തെത്തന്നെ വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഉടമ രത്തന്‍ ടാറ്റയടക്കമുള്ള പാഴ്സി വിഭാഗത്തില്‍പ്പെട്ടവര്‍ രാജ്യത്തിനുനല്‍കിയ സംഭാവനകളേറെ. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിട്ടില്ല, കുട്ടികളുമില്ല. ഇതേ പാത പിന്തുടരുന്നവര്‍ പാഴ്സി വിഭാഗത്തില്‍ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!