ജില്ലയിൽ കോവിഡ് കുറഞ്ഞു: ടാറ്റ കോവിഡ് ആശുപത്രി ഇതര ചികിത്സാ കേന്ദ്രമായി നില നിർത്തണമെന്ന് ആവശ്യം ശക്തം: ഓരോ കണ്ടെയ്നറിലും 5 വീതം കിടക്ക, ആകെ 551 കിടക്കകൾ

കാസർകോട് ∙ കോവിഡ് വ്യാപനം ഏറെക്കുറെ ഇല്ലാതായതോടെ ചട്ടഞ്ചാൽ തെക്കിലെ ടാറ്റാ കോവിഡ് ആശുപത്രി ഇതര ചികിത്സാ കേന്ദ്രമായി നിലനിർത്തണമെന്ന് ആവശ്യം. ആശുപത്രിയെ ഏതു രീതിയിൽ ഇനി പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പകരം വേറെ ഭൂമി നൽകാമെന്ന വ്യവസ്ഥയിൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷനിൽ നിന്ന് ഏറ്റെടുത്ത 1.6695 ഹെക്ടർ വഖഫ് ഭൂമിയിലാണ് കോവിഡ് ആശുപത്രി ഉള്ളത്. ഓരോ കണ്ടെയ്നറിലും 5 വീതം കിടക്ക എന്ന നിലയിൽ 551 കിടക്കകളോടെ ഉള്ള ആശുപത്രി 2020 സെപ്റ്റംബർ 9 നാണ് ടാറ്റാ ഗ്രൂപ്പ് നിർമാണം പൂർത്തിയാക്കി സർക്കാരിനു കൈമാറിയത്.
ഇപ്പോൾ കോവിഡ് പോസിറ്റീവ് കേസുകൾ പേരിനു മാത്രമായതോടെ ഇനി ഈ ആശുപത്രിയുടെ ഭാവി എന്ത് എന്നത് അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും കൂടുതൽ കെട്ടിട സംവിധാനങ്ങൾ ഒരുക്കിയും ആശുപത്രി ജില്ലയിലെ ആരോഗ്യമേഖലയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലയിലെ വിവിധ ജന പ്രതിനിധികളുൾപ്പെടെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

