KSDLIVENEWS

Real news for everyone

ജില്ലയിലെ ആദ്യ കെഎസ്ഇബി ചാർജിങ് സ്റ്റേഷൻ മാവുങ്കാലിൽ

SHARE THIS ON

മാവുങ്കാൽ ∙ വൈദ്യുതി വാഹനങ്ങൾക്കുള്ള കെഎസ്ഇബിയുടെ ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ അന്തിമ ഘട്ടത്തിലേക്ക്. ഒരു മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ ചില സോഫ്റ്റ്‌വെയർ ജോലികളാണു ബാക്കിയുള്ളത്. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ മാവുങ്കാൽ കെഎസ്ഇബി സബ് സ്റ്റേഷനോടു ചേർന്നാണു ചാർജിങ് സ്റ്റേഷൻ നിർമിക്കുന്നത്. ഇവിടെ ഒരേ സമയം 4 വാഹനങ്ങൾക്ക് ചാർജ് ചെയ്യാം. 4 ചാർജിങ് പോയിന്റുകളാണ് ഉണ്ടാകുക. ഇവയെല്ലാം ഫാസ്റ്റ് ചാർജിങ് പോയിന്റുകളാണ്. ഒരു മണിക്കൂറിൽ താഴെ മതി ഒരു വാഹനം ചാർജ് ചെയ്യാൻ.

പ്രധാന റോഡുകളിൽ ഓരോ 20 കിലോമീറ്ററിനും ഇത്തരത്തിലുള്ള ചാർജിങ് പോയിന്റുകൾ ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. മാവുങ്കാലിനു പുറമേ പടന്നക്കാട് തോട്ടം ഗേറ്റിനു സമീപം അനർട്ടിന്റെ ചാർജിങ് പോയിന്റും അന്തിമ ഘട്ടത്തിലാണ്. മുൻപ് സർക്കാരിന്റെയോ കെഎസ്ഇബിയുടെയോ സ്ഥലത്തു മാത്രമേ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ സ്വകാര്യ മേഖലയിലും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വരുമെന്നാണ് പ്രതീക്ഷ. വൈദ്യുതി വാഹനങ്ങൾക്കു പ്രോത്സാഹനം നൽകുമ്പോഴും ചാർജിങ് സ്റ്റേഷനുകൾ ഇല്ലാത്തതു പ്രതിസന്ധിയായിരുന്നു. ഇത് ആളുകൾക്കു വൈദ്യുതി വാഹനങ്ങളോടുള്ള താൽപര്യക്കുറവിനു കാരണമാണ്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ഇതിനു മാറ്റം വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അനെർട്ടിന്റെ ആദ്യ ചാർജിങ് സ്റ്റേഷൻ നീലേശ്വരത്ത്

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ നീലേശ്വരത്തെ നെടുങ്കണ്ടം ഡിടിപിസിയുടെ സ്ഥലത്തു നിർമാണം പൂർത്തിയായി. വൈദ്യുതി വാഹനങ്ങൾക്കായി അനെർട്ട് മുഖേന സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റേഷൻ ആണിത്. ഇലക്ട്രിക് കാറുകൾക്ക് 45 മിനിറ്റ് കൊണ്ടു വാഹനം ചാർജ് ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.‌ ഉടൻ കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!