റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഒഴുകുന്നു, കേന്ദ്രത്തിന്റെ നിര്‍ണയാക നീക്കം പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട്

ന്യൂഡല്‍ഹി: കിട്ടിയ അവസരം മുതലാക്കി ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നു. ടെന്‍ഡര്‍ വഴി ഇന്ത്യന്‍ ഓയില്‍ കോര്പ്പേറഷന് കഴിഞ്ഞദിവസം മൂന്ന് ദശലക്ഷം ബാരല്‍ യുറല്‍സ് ക്രൂഡ് ഓയില്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റ് വിലയെക്കാള്‍ ബാരലിന് 20-25 ഡോളര്‍ കുറച്ചാണ് നല്‍കിയത്. മാത്രമല്ല എണ്ണ ഇന്ത്യയില്‍ എത്തിക്കുന്ന ചെലവ് മുഴുവന്‍ വഹിക്കുന്നതും റഷ്യയാണ്. മേയ് മാസത്തോടെയായിരിക്കും ഇപ്പോള്‍ വാങ്ങിയ എണ്ണ ഇന്ത്യയില്‍ എത്തുക. ഈ മാസം രണ്ടാംതവണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത്.
നേരത്തേ ഉയര്‍ന്ന ചരക്ക് ചെലവ് കാരണം ഇന്ത്യ റഷ്യയില്‍ നിന്ന് വളരെക്കുറച്ച് എണ്ണ മാത്രമാണ് വാങ്ങിയിരുന്നത്. യുക്രെയിന് അധിനിവേശത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കിയതോടെയാണ് കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് എണ്ണ നല്കാന് റഷ്യ തയ്യാറായത്. കിട്ടിയ അവസരം പരമാവതി മുതലാക്കാനുറച്ച ഇന്ത്യ റഷ്യയുടെ ഓഫര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുകയായിരുന്നു.
റഷ്യ-യുക്രെയിന് യുദ്ധത്തോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഫലമായി
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകളും ഉയര്‍ന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്തിന് ഏറെ ഗുണംചെയ്യുമെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്. കുറഞ്ഞ വിലയില്‍ എണ്ണ കിട്ടുന്നതും അത് എത്തിക്കാനുള്ള ചെലവ് റഷ്യ വഹിക്കുന്നതും രാജ്യത്തെ വിദേശനാണ്യ ശേഖരം സ്ഥിരത കൈവരിക്കുന്നതിന് ഇടയാക്കുമെന്നാണ് അവര്‍ പറയുന്നത്. ഒപ്പം പണപ്പെരുപ്പം കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ വിലകളില്‍ കുതിച്ചുചാട്ടമുണ്ടാവാതെ തടയുന്നതിനും ഇത് ഇടയാക്കിയേക്കും എന്നും കരുതുന്നുണ്ട്.
അതേസമയം, റഷ്യന്‍ എണ്ണ പൂര്‍ണമായും നിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജര്‍മനി, ഹംഗറി എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു. റഷ്യയില്‍ നിന്നുള്ള എണ്ണയാണ് ഈ രാജ്യങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. പൊടുന്നനെ നിരോധനം ഏര്‍പ്പെടുത്തിയാല്‍ രാജ്യത്ത് കടുത്ത ഇന്ധനക്ഷാമത്തിന് വഴിവയ്ക്കും എന്നാണ് അവരുടെ ഭയം. ഇന്നുചേരുന്ന യോഗം എണ്ണനിരോധനത്തില് നിര്‍ണായക തീരുമാനം കൈക്കൊള്ളും.

