സ്വപ്‌നയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സതീശന്‍, പിന്നാലെ കുഞ്ഞാലിക്കുട്ടിയും;UDF സമരം മയപ്പെടുമോ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ നടത്തിവരുന്ന പ്രക്ഷോഭം മയപ്പെട്ടേക്കുമെന്ന സൂചന നല്‍കി യു.ഡി.എഫ്. നേതാക്കളുടെ പ്രസ്താവന. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കുന്നില്ലെന്ന യു.ഡി.എഫ്. നേതാക്കളുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചതിന് പിന്നാലെ ഇന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ നിലപാട് ആവർത്തിച്ചു.
“വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമുണ്ട്.” കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് യു.ഡി.എഫ്. യോഗം ചേരുന്നുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ സ്വപ്‌ന സുരേഷിന് അജണ്ടയുണ്ടെന്ന തോന്നല്‍ യു.ഡി.എഫ്. നേതാക്കള്‍ക്കുണ്ട്. സംഘപരിവാര്‍ ആസൂത്രണത്തോടെയാണ് സ്വപ്‌നയുടെ ആരോപണങ്ങളെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ യു.ഡി.എഫ്. സ്വപ്നയുടെ ആരോപണങ്ങളെ ഏറ്റെടുക്കുന്നത് വിപരീതഫലം ചെയ്യുമെന്നാണ് ചില നേതാക്കളുടെ നിലപാട്. സ്വപ്‌നയുടെ അഭിഭാഷകന്റെ പ്രതികരണങ്ങളും എല്‍.ഡി.എഫ്. ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്

