KSDLIVENEWS

Real news for everyone

വൈദ്യുതിനിരക്ക് വർധന വ്യവസായങ്ങളെ കൊല്ലും; 2002 മുതൽ വർധിച്ചത് മൂന്നു മടങ്ങിലധികം

SHARE THIS ON

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ‘സംരംഭക വർഷം’ ആഘോഷിക്കുന്നതിനിടെ വൈദ്യുതി നിരക്ക് വീണ്ടും ഉയർത്തിയത് ഇവിടെയുള്ള വൻകിട വ്യവസായങ്ങൾക്കുള്ള കൊലക്കയറാകും. 2002 മുതൽ ഇതുവരെ മൂന്നു മടങ്ങിലധികം വർധനയാണ് വൈദ്യുതിനിരക്കിലുണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉയർന്ന കൂലി എന്നിവയ്ക്കൊപ്പം ഉയർന്ന വൈദ്യുതിനിരക്ക് കൂടിയായപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ പ്രതിസന്ധിയിലായത് നിരവധി വൻകിട വ്യവസായ സംരംഭങ്ങളാണ്. വ്യവസായ കേരളത്തിൽ ഒരുകാലത്ത് തലയെടുപ്പോടെ നിന്ന ബിനാനി സിങ്ക്, ഹിൻഡാൽകോ എന്നിവ ഉദാഹരണങ്ങൾ മാത്രം. സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി വാങ്ങിയിരുന്ന സംരംഭങ്ങളാണ് ഇവ.


കോവിഡ് പ്രതിസന്ധി, വിലക്കയറ്റം എന്നിവ മൂലം നട്ടംതിരിയുന്ന വ്യവസായ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇപ്പോഴത്തെ നിരക്കുവർധന. 6.6 ശതമാനമാണ് നിരക്കുവർധനയെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പറയുമ്പോഴും ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കുള്ള നിരക്കുവർധന ഇതിന്റെ ഇരട്ടിയുടെയടുത്തുവരും. കെ.എസ്.ഇ.ബി. ലിമിറ്റഡ് നിർദേശിച്ചിരുന്ന താരിഫ് വർധന അതേപടി നടപ്പാക്കുകയായിരുന്നു ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ കാര്യത്തിൽ. മറ്റു മേഖലകളിൽ, നിർദേശിച്ച നിരക്കുവർധനയുടെ പകുതിയോ, അതിൽ താഴെയോ മാത്രം നടപ്പാക്കിയ സ്ഥാനത്താണ് ഇത്.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി.), കാർബോറാണ്ടം, ഫാക്ട്, കെ.എം.എം.എൽ., മലബാർ സിമന്റ്‌സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ചിലത്. ഇതിൽ ഭൂരിഭാഗവും പൊതുമേഖലാ സ്ഥാപനങ്ങളാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്‌സ് എന്ന് പുനർനാമകരണം ചെയ്ത പഴയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് മാത്രം പഴയനിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഏഴു കോടി രൂപയുടെ അധികബാധ്യതയാണ് നിരക്കുവർധന മൂലമുണ്ടാകുമെന്ന്‌ കണക്കാക്കുന്നത്. പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറുന്ന കേന്ദ്ര പൊതുമേഖലാ വളംകമ്പനിയായ ഫാക്ടിന് പ്രതിവർഷം ഒമ്പതു കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!