കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്, കണ്ണീര്‍ വാതകം

കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ നടത്തുന്ന തീരദേശ ഹര്‍ത്താലിനിടെ വന്‍ സംഘര്‍ഷം. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ പല തവണ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ലാത്തിച്ചാര്‍ജിലേക്ക് കടന്നത്.
പ്രതിഷേധക്കാര്‍ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തുകയുമായിരുന്നു. ബാരിക്കേഡ് പുഴയില്‍ തള്ളുകയും ചെയ്തു. ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

