ശ്വസിക്കുമ്പോൾപോലും ദുര്ഗന്ധം; വേദനകൊണ്ട് പുളഞ്ഞിട്ടും ഭർത്താവിനെ പേടിച്ച് അനിത മിണ്ടിയില്ല

കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഭർത്താവ് ജ്യോതിഷിന്റെ ക്രൂരതകളും നിരന്തര അവഗണനയും. മല്ലപ്പുഴശ്ശേരി സ്വദേശികളായ അനിതയും ജ്യോതിഷും പ്രണയത്തിലായി ഒരുവർഷത്തിന് ശേഷമായിരുന്നു വിവാഹം. 35 പവൻ സ്വർണം അനിതയുടെ വീട്ടുകാർ നൽകിയിരുന്നു. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസമാക്കിയ ജ്യോതിഷിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വാങ്ങിനൽകി.
ആദ്യസമയത്ത് സ്വന്തമായി ഓട്ടം പോയിരുന്ന ഇയാൾ പിന്നീട് കാർ കൊടുത്ത്് സുഹൃത്തുക്കളെ പറഞ്ഞുവിടുകയായിരുന്നു പതിവ്. പിന്നീട് കാർ പണയപ്പെടുത്തി 80,000 രൂപ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന്് വാങ്ങി. ഇത് കേസാകുമെന്ന അവസ്ഥവന്നതിനെ തുടർന്ന് അനിതയുടെ സഹോദരൻ സഹായിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പണം തവണയ്ക്ക് എടുത്ത് നൽകി. പണം മാസംതോറും അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും ജ്യോതിഷ് അതിനുകൂട്ടാക്കിയില്ല. പണം അടയ്ക്കാത്തതിനെ തുടർന്ന് വാഹനം സ്ഥാപനം പിടിച്ചെടുത്തു.ഇതിനുശേഷമാണ് അനിതയ്ക്ക് ആദ്യകുട്ടിയുണ്ടാകുന്നത്. അന്നുമുതൽ ജോലിക്കൊന്നും പോകാതിരുന്ന ജ്യോതിഷ് ഭാര്യാവീട്ടുകാരുടെ ചെലവിലായിരുന്നു ജീവിതം നയിച്ചിരുന്നത്. അനിതയുടെ ഗർഭപാത്രത്തിൽ കുട്ടി മരിച്ചഅവസ്ഥയിലാണെന്ന വിവരം മറച്ചുവെച്ച ഇയാൾ ഇതുപുറത്ത്് പറയരുതെന്ന് അനിതയെയയും ഭീഷണിപ്പെടുത്തി. അനിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അമ്മയും സഹോദരനും ചേർന്ന് ജില്ലാ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. കോന്നിയിൽനിന്നുള്ള നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എസ്.എ.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയയിൽ ഗർഭസ്ഥശിശുവിന്റെ കാൽപ്പാദം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടർ പറഞ്ഞതായി അനിതയുടെ അമ്മ ശ്യാമള പറഞ്ഞു.
അനിത രോഗബാധിതയായി ആശുപത്രിയിൽ കിടക്കുന്ന സാഹചര്യം പറഞ്ഞ്് വിദേശത്തുള്ള സുഹൃത്തുക്കളിൽനിന്ന് പണം വാങ്ങിയെങ്കിലും അതൊന്നും അനിതയുടെ ചികിത്സയ്ക്ക് ചെലവാക്കിയില്ല. അനിതയുടെ മരണവിവര കാരണം ലഭിച്ചയുടൻ ആറന്മുള പോലീസ് നടത്തിയ ഇടപെടലാണ് ജ്യോതിഷിനെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചതെന്നും അനിതയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നു

