കലി കാമുകിയോടും; പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

വാഷിങ്ടൻ∙ റഷ്യയിലെ ഉന്നതർക്കെതിരെ യുഎസ് പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിവാദ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിംപിക്സ് മെഡൽ ജേതാവും റഷ്യൻ പാർലമെന്റ് അംഗവുമായ അലീനയുടെ വീസ മരവിപ്പിച്ചെന്നാണ് യുഎസ് ട്രഷറി ഡിപാർട്മെന്റ് അറിയിച്ചത്. യുഎസ്സിലുള്ള അലീനയുടെ സ്വത്തുവകകൾ മരവിപ്പിക്കുകയും അലീനയുമായി ഇടപഴകുന്നതിൽനിന്ന് യുഎസ് പൗരന്മാരെ വിലക്കുകയും ചെയ്തെന്നാണ് വിവരം.
റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ സ്ഥാപനമായ നാഷനൽ മീഡിയ ഗ്രൂപ്പിന്റെ മേധാവിയാണ് അലീന. യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നാഷനൽ മിഡിയ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മേയിൽ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും കബേവയ്ക്കു മേൽ യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ കുറിച്ചു നടത്തുന്ന പരാമർശങ്ങൾ വളച്ചൊടിച്ച് മറ്റൊരു രീതിയിലാണ് അലീന തന്റെ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും അതിനാൽ അവർക്ക് വിലക്കേർപ്പെടുത്തണമെന്നും ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവും പുട്ടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി ആവശ്യപ്പെട്ടിരുന്നു.

