എ.കെ.ജി സെന്‍റര്‍ ആക്രമണം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നാലാം പ്രതി

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിലെ നാലാംപ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക ടി. നവ്യ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഒരാഴ്‌ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന് മുന്നിലാണ് നവ്യ ഹാജരായത്.
എന്നാല്‍, ചോദ്യം ചെയ്യലുമായി നവ്യ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അന്വേഷണം ഇവരിലേക്ക് എത്തിയത് മുതല്‍ നവ്യ ഒളിവിലായിരുന്നു. ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നും സഹായിച്ചത് ആരെന്നും വെളിപ്പെടുത്താന്‍ അവര്‍ തയാറായിട്ടില്ല. ഒളിവില്‍ കഴിഞ്ഞത് സംബന്ധിച്ച് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും നവ്യ മറുപടി നല്‍കിയിട്ടില്ല. അതേസമയം, വരും ദിവസങ്ങളില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യല്‍ നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.
ഒന്നാം പ്രതി ജിതിന്‍ ഉപയോഗിച്ച സ്ഫോടകവസ്തുവടങ്ങിയ സ്കൂട്ടര്‍ എത്തിച്ചത് നവ്യയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അക്രമത്തിന് ശേഷം സ്കൂട്ടര്‍ തിരികെ കൊണ്ടുപോയതും ഇവരാണെന്നും കണ്ടെത്തി. രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍, മൂന്നാം പ്രതി സുബീഷ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഒന്നാംപ്രതി ജിതിനെ നേരേത്ത പിടികൂടിയിരുന്നു.

