കോവിഡ് വ്യാപനം അതിരൂക്ഷം ; തലസ്ഥാന നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ നഗരസഭയുടെ തീരുമാനം . നഗരസഭയിൽ കൊവിഡ് നിയന്ത്രണത്തിന് പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കും . കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഒരു തരത്തിലുള്ള പ്രോട്ടോക്കോൾ ലംഘനവും അനുവദിക്കില്ല . നിരോധനാജ്ഞ നിലനിൽക്കുന്ന ജില്ലയാണ് തിരുവനന്തപുരം . അതുകൊണ്ട് തന്നെ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ വിലക്കുണ്ട് . ഇത് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കാനാണ് തീരുമാനം . കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും . അതേസമയം നഗരസഭാ ജീവനക്കാരായ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . അതുകൊണ്ട് തന്നെ ഈ മാസം 30 വരെ അടിയന്തരമായ ആവശ്യങ്ങൾക്കല്ലാതെ ആരും നഗരസഭാകാര്യാലയത്തിലേക്ക് വരരുതെന്ന് മേയർ കെ ശ്രീകുമാർ നിർദ്ദേശിച്ചിരുന്നു .

