KSDLIVENEWS

Real news for everyone

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പം’: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ത‍ൃണമൂൽ

SHARE THIS ON

കൊൽക്കത്ത∙ ഒ‍ഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ടു നിരവധി പേർ മരിച്ച സംഭവത്തിൽ കേന്ദ്ര റെയിൽവ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജിയാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരുക്കേറ്റവർക്കു വേഗം സുഖംപ്രാപിക്കാൻ കഴിയട്ടെയെന്നും തൃണമൂല്‍ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഫെയ്സ്ബുക്കിൽ കുറിച്ചു.  ട്രെയിൻ അപകടങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ട്രെയിനുകളിൽ സജ്ജീകരിക്കുന്നതിനു പകരം പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനുള്ള സോഫ്റ്റ്‍വെയറുകൾക്കായി കോടിക്കണക്കിനു രൂപയാണു കേന്ദ്രസർക്കാർ ചെലവാക്കുന്നതെന്നു തൃണമൂലിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. പുതിയതായി പണികഴിപ്പിച്ച റെയിൽവേ സ്റ്റേഷനുകളെക്കുറിച്ചും വന്ദേ ഭാരത് ട്രെയിനുകളെക്കുറിച്ചും പുകഴ്ത്തി രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനാണു നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ വീഴ്ചകളാണു വരുത്തുന്നതെന്നും അഭിഷേക് ബാനർജി ആരോപിച്ചു. നോട്ടുനിരോധനം, ജിഎസ്ടി, ലോക്‌ഡൗൺ, കർഷക നിയമങ്ങൾ, ആവശ്യത്തിനുള്ള റെയിൽവേ സുരക്ഷാമുൻകരുതലുകൾ ക്രമീകരിക്കാതിരിക്കുക തുടങ്ങി എല്ലാ കേന്ദ്രസർക്കാർ നടപടികളിലും ബുദ്ധിമുട്ടുന്നത് പാവപ്പെട്ടവരാണെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. മൂന്നു ട്രെയിനുകളാണു ഇന്നലെ അപകടത്തിൽപ്പെട്ടത്. ബാലസോറിൽ വച്ചു ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റുകയായിരുന്നു. ഇതിലേക്കു ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് ഇടിച്ചുകയറി. അപകടത്തിൽപ്പെട്ട കോച്ചുകളിലേക്ക് ഗുഡ്സ് ട്രെയിനും ഇടിച്ചുകയറി. ഇതു വലിയ ദുരന്തത്തിനു ആക്കം കൂട്ടുകയായിരുന്നു. രാത്രി 7.20ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!