പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതില്‍ മുന്നേറി: മുഖ്യമന്ത്രി

എറണാകുളം: പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറല്‍ ആശുപത്രി കാൻസര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്ബ് തന്നെ എറണാകുളം ജനറല്‍ ആശുപത്രി മികവുപുലര്‍ത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസര്‍ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ ആരോഗ്യ മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റര്‍. പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സര്‍ക്കാര്‍ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ ആരോഗ്യമേഖല നേടി. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്കാരം. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമായും കേരളം മാറി. ആര്‍ദ്രം മിഷനിലുടെ പൊതുജനാരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കാൻ കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ പല രീതിയിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഒരുക്കി. മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ഇവയൊക്കെ കാരണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്നവയായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

