അനിൽകുമാർ പറഞ്ഞത് തെമ്മാടിത്തരം; തട്ടം അവകാശമാണ്, എകെജി സെന്ററിന്റെ ഔദാര്യമല്ല’

കോഴിക്കോട്: തട്ടം വിവാദത്തിൽ വീണ്ടും വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. വിദ്യാഭ്യാസം കൊടുത്താൽ മതം ഉപേക്ഷിക്കുമെന്നാണ് അനിൽകുമാർ പറഞ്ഞത്. സിപിഎം നേതാവ് പറഞ്ഞത് തെമ്മാടിത്തരമാണെന്നും തട്ടം അഴിക്കാൻ വരുന്നവന്റെ കൈ പിടിക്കാനാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
‘‘സിപിഎമ്മിന്റെ സ്റ്റേറ്റ് കമ്മറ്റി അംഗമായ നേതാവ് പറഞ്ഞത് അവർക്ക് വിദ്യാഭ്യാസം വന്നപ്പോൾ തട്ടം ഉപേക്ഷിച്ചു എന്നാണ്. അതിനർഥം അവർക്ക് അറിവു കൊടുക്കല്ലേ അവർ മതം ഉപേക്ഷിക്കും എന്നാണ്. ഇതീ സമുദായത്തിന്റെ നേതൃത്വത്തിലുള്ള ഇന്ഡയറക്ട് കമ്യൂണിക്കേഷനാണ്. ഇവരെ പഠിപ്പിക്കല്ലേ എന്നു പറയുന്ന വരട്ടുവാദമാണ്. ഇവർ ജയിച്ചത് കോപ്പിയടിച്ചെന്ന ആ മൃഗീയവാദമാണ്. ശരിക്കും ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തരമാണ്.
ഈ മാപ്പിളമാരുടെ വിശപ്പ് മാറ്റിയത് നമ്മളും കൂടിയാണെന്നാണു രണ്ടാമതായി പറഞ്ഞത്. മാപ്പിളമാർക്കായിട്ടൊരു വിശപ്പുണ്ടോ. ഈഴവനായിട്ടു വിശപ്പുണ്ടോ? ഹിന്ദുവിനായോ മുസ്ലിമിനായോ ക്രിസ്ത്യാനിക്കായോ വിശപ്പുണ്ടോ കമ്യൂണിസ്റ്റുകാരേ. നിങ്ങൾ എന്തു മ്ലേച്ഛമായാണു ചിന്തിക്കുന്നത്. എന്തു വൃത്തികെട്ട ചിന്തയാണ്. എന്നിട്ട് അതിനെ ന്യായീകരിക്കാൻ വന്ന നേതാവ് പറഞ്ഞതാകട്ടെ ലീഗിന്റെ നേതാവിന്റെ ഭാര്യയുടെ തലയിൽ തട്ടമുണ്ടോയെന്നു നോക്കാൻ. ഞാനാ സുഹൃത്തിനോടു പറയട്ടെ, ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. നമ്മുടെ വീട്ടിലെ പെണ്ണുങ്ങളെ തട്ടമിടീക്കാൻ വേണ്ടിയുണ്ടായ പാർട്ടിയല്ല. തട്ടം അഴിക്കാൻ വരുന്നവന്റെ കൈ പിടിക്കാനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.
ഈ പെൺകുട്ടികൾക്കു തട്ടമിടാനുള്ള അവകാശമുണ്ട്, അത് അവകാശമാണ്. അത് എകെജി സെന്ററിന്റെ ഔദാര്യമല്ല, ഇന്ത്യയുടെ ഭരണഘടനയുടെ അവകാശമാണ്. പൊട്ടുതൊടാൻ ഒരു ഹിന്ദുവിന്, തട്ടമിടാൻ ഒരു മാപ്പിളയ്ക്ക്… അത് ഈ രാജ്യം തന്ന അവകാശമാണ്’’– കെ.എം.ഷാജി പറഞ്ഞു.
തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. ഇതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ രംഗത്തുവന്നിരുന്നു.

