KSDLIVENEWS

Real news for everyone

ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു

SHARE THIS ON

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ഇനി ഓര്‍മ. വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. കയര്‍തൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനത്തലവട്ടമെന്ന സഖാവ് അങ്ങനെ സമരാഗ്നിപോലെ ജ്വലിച്ചു തീര്‍ന്നു. ചിറയിൻകീഴിലെ വസതിയില്‍നിന്ന് രാവിലെ 11-ന് എകെജി സെന്ററിലും പിന്നീട് മാഞ്ഞാളിക്കുളം റോഡിലെ സിഐടിയു ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിന് ശേഷമാണ് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്. എകെജി സെന്ററിലും സിഐടിയു ഓഫീസിലും നിരവധിപേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്. സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. കാൻസറിനെ തുടര്‍ന്ന് കുറച്ച്‌ നാളുകളായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരം അര്‍പ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി ആനത്തലവട്ടം പുലര്‍ത്തിയിരുന്ന ഊഷ്മള ബന്ധങ്ങള്‍ക്ക് തെളിവായി, സമൂഹത്തിലെ നാനാതുറയിലുള്ള വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാൻ എത്തിയിരുന്നു. കയര്‍തൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനന്ദൻ അവസാനകാലത്ത് എല്‍ഡിഎഫ് സമരത്തിലും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുവേണ്ടി മന്ത്രിക്കും മാനേജ്മെന്റിനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അവസാന രാഷ്ട്രീയ ഇടപെടല്‍ നടത്തിയതും കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ക്ക് ശമ്ബളം കിട്ടാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!