ന്യൂസ് ക്ലിക്ക് റെയ്ഡ് കേരളത്തിലും; മുൻ ജീവനക്കാരിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു

കൊടുമൺ (പത്തനംതിട്ട)∙ ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്ക് വിഡിയോഗ്രഫറുടെ വീട്ടിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇന്നു വൈകിട്ട് അഞ്ചിനാണ് പരിശോധന നടന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; ന്യൂസ് ക്ലിക്കിനെതിരെ എഫ്ഐആർ പുറത്ത് 2022 ജനുവരി വരെ ഇവർ ഡൽഹി കേന്ദ്രീകരിച്ച് ന്യൂസ് ക്ലിക്ക് എന്ന വാർത്ത പോർട്ടലിൽ വിഡിയോഗ്രാഫറായി ജോലി ചെയ്തിരുന്നു. പിന്നീട് അവിടെ നിന്ന് ജോലി രാജി വച്ച് ബെംഗളൂരുവിൽ റിസർച്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവരുടെ ബാങ്ക് ബാലൻസ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നാണ് വിവരം. ജോലി ചെയ്ത കാലയളവിലെ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇവർ ജനിച്ചതും വളർന്നും ഡൽഹിയിലാണ്. മാതാപിതാക്കൾ അവിടെ ജോലിക്കാരായിരുന്നു. ഒരാഴ്ച മുൻപാണ് ഇവർ വീട്ടിലെത്തിയത്. പരിശോധനയുടെ വിശദാംശങ്ങൾ ഡൽഹി പൊലീസ് പുറത്തു വിട്ടിട്ടില്ല. ജില്ലാ പൊലീസ് മേധാവിയെയും കൊടുമൺ പൊലീസിനെയും അറിയിച്ച ശേഷമാണ് ഡൽഹി പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്. ചൈനയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ ആരോപണം.

