KSDLIVENEWS

Real news for everyone

500ലധികം കവര്‍ച്ച, 34 വര്‍ഷത്തെ തടവ്, ഒടുവില്‍ മാനസാന്തരം; പുറത്തിറങ്ങുന്നത് ആത്മകഥയെഴുതിയശേഷം

SHARE THIS ON

കണ്ണൂർ: അഞ്ഞൂറിലധികം കവർച്ച. വിവിധ ജയിലുകളിലായി 34 വർഷം തടവ്. 219 മോഷണക്കേസുകൾ. ഒടുവിൽ മാനസാന്തരം. ജീവിതത്തിന്റെ നല്ലഭാഗം ജയിലറകൾക്കുള്ളിൽ കഴിഞ്ഞ സിദ്ദിഖ് ‘കള്ളന്റെ ആത്മകഥയെഴുതി’ ഈ മാസം അവസാനം കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങും. 14-ാം വയസ്സിൽ സ്വന്തം വിട്ടിൽനിന്ന്‌ സഹോദരിയുടെ കുഞ്ഞിന്റെ ഒരുഗ്രാം തൂക്കംവരുന്ന സ്വർണമോതിരം മോഷ്ടിച്ചാണ് തലശ്ശേരി തിരുവങ്ങാട് ജൂബിലി റോഡിൽ അരയാംകൊല്ലം വീട്ടിൽ എ.കെ. സിദ്ദിഖ് ഇരുട്ടുതേടിയിറങ്ങിയത്. പിന്നീട് ചെറുതും വലുതുമായ നൂറുകണക്കിന് മോഷണങ്ങൾ. അമ്മാവന്റെ റേഷൻകടയിൽനിന്ന് പണം മോഷ്ടിച്ചു പിടിക്കപ്പെട്ടു. തൊട്ടടുത്തദിവസം മാതാവിന്റെ മൂന്നരപ്പവൻ സ്വർണമാല മോഷ്ടിച്ചു നാടുവിടുകയായിരുന്നു. പിന്നീട് 10 വർഷം നാട്ടിലിറങ്ങിയില്ല. ഇനി മോഷ്ടിക്കില്ലെന്നും കുടുംബമായി ജീവിക്കാനാണ് ആഗ്രഹമെന്ന ഉഗ്രപ്രതിജ്ഞയുമായാണ് ജയിലിൽനിന്ന്‌ ഇറങ്ങുന്നതെന്നും സൂപ്രണ്ട് അടക്കമുള്ളവരുടെ നിരന്തര ബോധവത്കരണത്തിലൂടെ മാനസാന്തരംവന്നതായും സിദ്ദിഖ് പറയുന്നു. പൂട്ട് തുറക്കാൻ പരിശീലനം സഹതടവുകാരനിൽനിന്ന് ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 1989-ലാണ് ആദ്യമായി കണ്ണൂർ സെൻട്രൽ ജയിലിലെത്തുന്നത്. അതേ സെല്ലിലെ മറ്റൊരു തടവുകാരനാണ് പൂട്ടുപൊളിക്കുന്നതിന്റെ ‘ക്ലാസെടുത്തത്’. പുറത്തിറങ്ങി പരീക്ഷണം നടത്തിയത് ഉദ്ഘാടനം നടക്കാൻപോകുന്ന കടയിൽ. 400 ഷർട്ടുകൾ മോഷ്ടിച്ചു. കവർച്ചനടത്തിയ പണവുമായി മംഗളൂരുവിലേക്ക് പോകും. ആഡംബരജീവിതം നയിക്കുമെങ്കിലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറില്ല. കേരളത്തിലെ ചില അനാഥാലയങ്ങൾക്കും പണംനൽകി സഹായിക്കാറുണ്ട്. ‘ഈ കള്ളനോട് ക്ഷമിച്ചു’ പയ്യന്നൂരിലെ കൂറ്റൻ വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കിയശേഷം അകത്തുകടന്നു. അടുക്കളയിൽ ചൂട് ബിരിയാണി. വീട്ടുകാർ അത്യാവശ്യത്തിന് പുറത്തുപോയതായി മനസ്സിലായി. വയറുനിറച്ചു ബിരിയാണി കഴിച്ചു. അലമാരതുറന്ന് 20 പവനും 65,000 രൂപയും മോഷ്ടിച്ചു. തൊട്ടടുത്തായി നമ്പർ ലോക്കുള്ള സൂട്ട്കെയ്സ്. 555 കറക്കിനോക്കി. പെട്ടി തുറന്നു. അഞ്ച് റാഡോ വാച്ച്, 50 പവൻ സ്വർണം, 1.65 ലക്ഷം രൂപ എന്നിവ ലഭിച്ചു. ഏറ്റവും വലിയ മോഷണം ഇതായിരുന്നു. കുമ്പളയിൽ ഒരു വീട്ടിൽനിന്ന് മോഷ്ടിച്ച സൂട്ട്കെയ്സിലെ ഫയലിൽ പാസ്‌പോർട്ട്, വിമാന ടിക്കറ്റ് എന്നിവയുണ്ടായിരുന്നു. പാസ്‌പോർട്ടിലെ മേൽവിലാസത്തിൽ പാസ്‌പോർട്ട്, വിമാന ടിക്കറ്റ് എന്നിവ അയച്ചുകൊടുത്തു. ഒരു കുറിപ്പും വെച്ചു. ‘മോഷ്ടിച്ച സാധനങ്ങൾ തിരിച്ചുതരാൻ സാധിക്കില്ല. ഈ കള്ളനോട് ക്ഷമിക്കുക.’ തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചതായി പത്രത്തിൽ വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!