തോക്ക് ചൂണ്ടി കവര്‍ച്ച: പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വര്‍ണവും കവര്‍ന്നുവെന്ന് സംശയിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു.
സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് ഇതിന് പിന്നില്‍. ഇവരെ ഇതുവരെ പോലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കരുനാഗപ്പള്ളി തൊടിയൂരില്‍ ചെട്ടിയത്ത് മുക്ക് ബി.ആര്ഫൈനാൻസിലാണ് സംഭവം നടന്നത്.
48,300 രൂപയും 33.8 ഗ്രാം സ്വര്‍ണവും നഷ്ടമായി. ചൊവാഴ്ച വൈകുന്നരം 4.15 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണവും സ്വര്‍ണവും കവര്‍ന്നത്.
സ്ഥാപനത്തിന് മുന്നില്‍ ബൈക്കിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ച് അകത്ത് കടന്ന് വനിതാ ജീവനക്കാരി പ്രീതയെ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു.
അധികം ആള് തിരക്കില്ലാത്ത ജംഗ്ഷനിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നില്‍. കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പോലീസ് അന്വേഷണമാരംഭിച്ചുവെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. തൊടിയൂര്‍ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

