KSDLIVENEWS

Real news for everyone

ലോകകപ്പില്‍ വീണ്ടും ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍; പാകിസ്താനെ തകർത്ത് ഇന്ത്യ

SHARE THIS ON

അഹമ്മദാബാദ്: ലോകകപ്പില്‍ ഒരിക്കല്‍ കൂടി പാകിസ്താനുമേല്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം. ശനിയാഴ്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍ മാത്രവും. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ഇന്ത്യ നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തുകള്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറുമടക്കം 86 റണ്‍സെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ നാലാം നമ്പര്‍ താരം ശ്രേയസ് അയ്യര്‍ 53 റണ്‍സോടെ പുറത്താകാതെ നിന്നു. 62 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം തുടങ്ങിയത്. ഡെങ്കിപ്പനി മൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ 11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലായി. ഇതിനിടെ ഹസന്‍ അലിക്കെതിരായ കോലിയുടെ ഷോട്ട് പിഴച്ചു. പാകിസ്താനെതിരേ എന്നും തിളങ്ങാറുള്ള കോലി 18 പന്തില്‍ നിന്ന് 16 റണ്‍സുമായി മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ശ്രേയസ് അയ്യര്‍ സഖ്യം കളി പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 77 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. രോഹിത് പുറത്തായതിനു പിന്നാലെ ശ്രേയസും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 19 റണ്‍സോടെ പുറത്താകാതെ നിന്നു. പാകിസ്താനായി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കിയിരുന്നു. 36 റണ്‍സിനിടെയാണ് പാകിസ്താന്റെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടത്. ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളും ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു. തരക്കേടില്ലാതെയാണ് പാക് ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയിക്ക് തുടക്കമിട്ടത്. 24 പന്തില്‍ 20 റണ്‍സെടുത്താണ് ഷഫീഖ് മടങ്ങിയത്. പിന്നാലെ നിലയുറപ്പിച്ച ഇമാം ഉള്‍ ഹഖിനെ മടക്കി ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക സാന്നിധ്യമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ സഖ്യം ക്ഷമയോടെ സ്‌കോര്‍ മുന്നോട്ടുചലിപ്പിച്ചു. 82 റണ്‍സ് ചേര്‍ത്ത ഈ സഖ്യം വെല്ലുവിളിയാകുമെന്ന ഘട്ടത്തില്‍ സിറാജ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഫോം വീണ്ടെടുത്ത് 58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിടക്കം 50 റണ്‍സെടുത്ത ബാബറിന്റെ കുറ്റി തെറിപ്പിച്ച സിറാജ് ഇന്ത്യയ്ക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചു. ബാബറാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. തുടര്‍ന്ന് 33-ാം ഓവറില്‍ സൗദ് ഷക്കീലിനെയും (6), ഇഫ്തിഖര്‍ അഹമ്മദിനെയും (4) പുറത്താക്കിയ കുല്‍ദീപ് യാദവ് പാകിസ്താനെ പ്രതിരോധത്തിലാക്കി. 34-ാം ഓവറില്‍ റിസ്വാന്റെ പ്രതിരോധം ബുംറ തകര്‍ത്തതോടെ മത്സരത്തിലെ പാകിസ്താന്റെ പിടി അയഞ്ഞു. 69 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 49 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. ഷദാബ് ഖാന്‍ (2), മുഹമ്മദ് നവാസ് (4), ഹസന്‍ അലി (12), ഹാരിസ് റൗഫ് (2) എന്നിവരെ വേഗത്തില്‍ മടക്കി ഇന്ത്യ, പാക് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി ബുംറ, സിറാജ്, ഹാര്‍ദിക്, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!