ഇസ്രയേൽ കൂട്ടക്കുരുതി; ഗസ്സയില്‍ ഇന്നലെ രക്തരൂഷിത രാത്രി; കൊല്ലപ്പെട്ടത് 400ലധികം പേര്

ഗാസ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ രാത്രി 400ലധികം പേര് കൊല്ലപ്പെട്ടു. ജബലിയ്യ അഭയാര്‍ഥി ക്യാമ്ബില്‍ മാത്രം 30 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെയും ഭീഷണിയുണ്ട്. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ഗസ്സയിലെ അല്‍ ശിഫ, അല്‍ ഖുദ്സ് ആശുപത്രികള്‍ക്കടുത്ത് വ്യോമാക്രമണം നടന്നിരുന്നു.
യുഎസ്,യു.കെ,കാനഡ,ഫ്രാൻസ്,ജര്‍മനി ഇറ്റലി എന്നീ അഞ്ച് പാശ്ചാത്യരാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണ നല്‍കിയിരിക്കുന്നത്. ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവനയിലൂടെ രാജ്യങ്ങള്‍ അറിയിച്ചത്.
ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തേണ്ട സ്ഥിതിയിലാണ്. യുദ്ധം
വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായിരിക്കെ, ലബനാൻ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പുതുതായി പതിനായിരങ്ങളെ ഇസ്രായേല്‍ ഒഴിപ്പിക്കുകയാണ്. യു.എൻ രക്ഷാസമിതിക്കു മുമ്ബാകെ ഇന്ന് വീണ്ടും വെടിനിര്‍ത്തല്‍ പ്രമേയം ചര്‍ച്ചക്കെത്തും.
ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടുതല്‍ കടുപ്പിച്ചതോടെ മരണസംഖ്യയും ഉയരുകയാണ്. ഞായറാഴ്ചയും കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. തെക്കൻ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങള്‍ക്കും അഭയാര്‍ഥികള്‍ തങ്ങുന്ന സ്കൂളുകള്‍ക്കും നേരെ ആക്രമണമുണ്ടായി. റഫ അതിര്‍ത്തി മുഖേന പരിമിതമായ തോതില്‍ ഇന്നലെയും സഹായം എത്തിയെങ്കിലും വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയാണ് ഗസ്സനീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനല്‍ ഡയരക്ടര്‍ പറഞ്ഞു. ആരോഗ്യമേഖല ശരിക്കും തകര്‍ച്ചയിലാണ്. ഗസ്സയിലെ 35 ആശുപത്രികളില്‍ 20 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിലച്ചതായും
ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കില്‍ ആയിരത്തിലേറെ കിഡ്നി രോഗികള്‍ മരണപ്പെടുമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നല്കി. ഹമാസ് പോരാളികളുടെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബന്ദികളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെല്‍ അവീവില്‍ ഇസ്രായേല്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ പ്രകടനം നടന്നു. ഖത്തറും തുര്‍ക്കിയും മുൻകൈയെടുത്ത് ബന്ദികളുടെ മോചന ചര്‍ച്ചകള്‍ തുടരുന്നതായ റിപ്പോര്‍ട്ടുകളുണ്ട്. കരയുദ്ധം നീളുന്നത് ബന്ദി പ്രശ്നം മുൻനിര്‍ത്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷെ, ഇസ്രായേല്‍ സൈന്യം തള്ളി. അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിന്റെയും സമ്മര്‍ദം ഇക്കാര്യത്തില്‍ ഇല്ലെന്നും സൈനിക വക്താവ്
പറഞ്ഞു. മാസങ്ങള്‍ വേണ്ടിവന്നാലും ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.അതിനിടെ ഷെല്ലാക്രമണത്തില്‍ ഒമ്ബത് ഈജിപ്ത് സൈനികര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഇസ്രായേല്‍ മാപ്പ് പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണിതെന്ന് സൈന്യം അറിയിച്ചു. അതിനിടെ, യു.എൻ രക്ഷാസമിതിക്കു മുമ്ബാകെ ഗസ്സ വെടിനിര്‍ത്തല്‍ ഇന്ന് വീണ്ടും ചര്‍ച്ചക്കെത്തും

