KSDLIVENEWS

Real news for everyone

ഇന്ധനം തീരുന്നു; ആശുപത്രികള്‍ പൂട്ടേണ്ടിവരും,  ഗാസയിലെ സേവനം നിര്‍ത്തേണ്ടിവരുമെന്ന് UN 

SHARE THIS ON

ഗാസ സിറ്റി: ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച രാത്രിയോടെ നിര്‍ത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ്. ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്ന് ഇസ്രയേല്‍ സൈന്യം മറുപടിനല്‍കി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 35 ആശുപത്രികളില്‍ 15-ഉം പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഗാസയ്ക്കാവശ്യമായ വൈദ്യുതിയുടെ പകുതിയും ഇസ്രയേലില്‍നിന്നാണെത്തുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളാണ് ബാക്കി പകുതി നല്‍കുന്നത്. ഹമാസ് ബന്ദികളെയെല്ലാം വിട്ടയക്കുംവരെ ഗാസയ്ക്ക് വൈദ്യുതിനല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ മിക്കയിടത്തും തീര്‍ന്നു. ഇസ്രയേല്‍വഴിയാണ് ഗാസയിലേക്ക് ഡീസല്‍ എത്തുന്നത്. അതും ഇസ്രയേല്‍ തടഞ്ഞു. കുടിവെള്ളവും ഇസ്രയേലില്‍നിന്ന് പൈപ്പുവഴിയാണെത്തുന്നത്. അതുകഴിഞ്ഞുള്ളത് കടല്‍വെള്ളം ശുദ്ധീകരിച്ചെടുക്കുന്നു. കുടിവെള്ള പൈപ്പ്ലൈന്‍ ഇസ്രയേല്‍ അടച്ചു. വൈദ്യുതിയില്ലാത്തതിനാല്‍ മിക്ക കടല്‍വെള്ള ശുദ്ധീകരണപ്ലാന്റുകളും പൂട്ടി.

ഈജിപ്ത് അതിര്‍ത്തിവഴി ഇതുവരെ എഴുപതോളം ട്രക്കുകള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തിയെങ്കിലും ഇന്ധനവിതരണം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. ഡീസല്‍ ഹമാസ് കൈക്കലാക്കുമെന്നും ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ഇസ്രയേല്‍ കരുതുന്നു. അതിനാലാണ് ഇന്ധനത്തിന് അനുമതി നിഷേധിക്കുന്നത്.

ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിലയ്ക്കുന്നത് ഗാസയെ സമാനതകളില്ലാത്ത ദുരന്തത്തിലെത്തിക്കുമെന്നാണ് സന്നദ്ധസംഘടനകളുടെ മുന്നറിയിപ്പ്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

ഇതിനിടെ, ചൊവ്വാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 80 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇതോടൊപ്പം തെക്കന്‍ സിറിയയില്‍ ബുധനാഴ്ച രാവിലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

കരയുദ്ധം വൈകിപ്പിക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചു

ന്യൂയോര്‍ക്ക്: യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പശ്ചമേഷ്യയില്‍ വിന്യസിക്കുംവരെ കരയുദ്ധം വൈകിപ്പിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചു.

ഇറാഖ്, സിറിയ, കുവൈത്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍ യു.എസ്. സൈനികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി വ്യോമപ്രതിരോധസംവിധാനങ്ങള്‍ എത്തിക്കുന്നതുവരെ കരയുദ്ധം വൈകിപ്പിക്കണമെന്ന് യു.എസ്. ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് ഇസ്രയേല്‍ സമ്മതിച്ചതായി യു.എസ്. മാധ്യമമായ ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട്‌ചെയ്തു.

ഗുട്ടെറസ് ഭീകരതയെ ന്യായീകരിക്കുന്നു -ഇസ്രയേല്‍

ടെല്‍അവീവ്: ഈ മാസം ഏഴിലെ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല, 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശം അനുഭവിക്കുകയാണ് പലസ്തീന്‍കാര്‍ എന്ന യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രസ്താവന ഭീകരതയ്ക്കുള്ള ന്യായീകരണമാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ഇസ്രയേലിലെ ഹോളോകോസ്റ്റ് സ്മാരകമായ യാദ് വഷേം ഗുട്ടെറസ് പരാജയപ്പെട്ടെന്ന് പറഞ്ഞു.

ചരിത്രപരമായി ഇസ്രയേലും യു.എന്നും തമ്മിലുള്ള സംഘര്‍ഷം നിറഞ്ഞ ബന്ധം ഗുട്ടെറസിന്റെ പ്രസ്താവനയോടെ കൂടുതല്‍ മോശമായി. തങ്ങള്‍ക്കെതിരാണ് യു.എന്‍ എന്നാണ് വര്‍ഷങ്ങളായുള്ള ഇസ്രയേലിന്റെ ആരോപണം. എന്നാല്‍, ഹമാസിന്റെ ഭീകരതയെ ന്യായീകരിക്കുന്നു എന്ന മട്ടില്‍ തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനിച്ചതില്‍ ഗുട്ടെറസ് ബുധനാഴ്ച നടുക്കം പ്രകടിപ്പിച്ചു. ബുധനാഴ്ച രാവിലെയും ഗുട്ടെറസ് നിലപാട് ആവര്‍ത്തിച്ചിരുന്നു. ഹമാസ് നടത്തിയ ഭീകരമായ ആക്രമണങ്ങള്‍, പലസ്തീന്‍കാരെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൊവ്വാഴ്ചയായിരുന്നു ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ഗുട്ടെറസിന്റെ പരാമര്‍ശം. ഇതിനോട് രൂക്ഷമായാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹന്‍ പ്രതികരിച്ചത്. മേഖലയിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് സെക്രട്ടറി ജനറലിന് ഒന്നുമറിയില്ലെന്ന് കോഹന്‍ പറഞ്ഞു. ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുംവരെ യുദ്ധം ചെയ്യുമെന്ന് കോഹന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. ഹമാസിനെ നവനാസികളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!