സഹകരണ രജിസ്ട്രാറുടെ കുടുംബാംഗങ്ങളുടെ ആധാർവിവരങ്ങളടക്കം ചോദിച്ചു’; ഇ.ഡി നടപടി ശരിയല്ലെന്ന് ഹൈക്കോടതി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സഹകരണവകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് ഐ.എ.എസിന് ഇ.ഡി. നൽകിയ സമൻസിനെതിരേ ഹൈക്കോടതി. മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങളടക്കം ചോദിച്ചത് മോശമായിപ്പോയെന്ന് കോടതിയുടെ വിമർശനം. ഇതിനെത്തുടർന്ന് പുതിയ സമൻസ് പുറപ്പെടുവിക്കാമെന്ന് ഇ.ഡി. കോടതിയെ ബോധിപ്പിച്ചു. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട കേസിൽ നിരവധി പേരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് ഐ.എ.എസിനെ വിളിപ്പിച്ചത്. ആദ്യഘട്ടത്തിൽ അദ്ദേഹത്തിന് ഹാജരാകാൻ സാധിച്ചില്ല. പിന്നീട് ഹാജരായി രേഖകളൊക്കെ ഇ.ഡിയ്ക്ക് നൽകിയിരുന്നു. തുടർന്ന് വീണ്ടും സുഭാഷിനോട് ഹാജരാകാൻ ഇ.ഡി. നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷ് ഐ.എ.എസ്. ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ടി.വി. സുഭാഷ് കോടതിയിൽ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടാകണം. അല്ലാതെ മുഴുവൻ സഹകരണ മേഖലകളിലേക്കും കടന്നുകയറരുത്. അത് വിലക്കണം. മാത്രമല്ല തന്റെ വ്യക്തിഗത വിവരങ്ങളടക്കം ചോദിക്കുന്നത് നിയമവിരുദ്ധമാണെന്നും ടി.വി. സുഭാഷ് ഹൈക്കോടതിയെ അറിയിച്ചു. ടി.വി. സുഭാഷ് ഒരു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ പാസ്പോർട്ട് വിവരങ്ങൾക്കൊക്കെ അപ്പുറം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങൾ ചോദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ പുതിയ സമൻസ് അയക്കുമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. ഇ.ഡി. റെയ്ഡിന് ശേഷം തൃശ്ശൂർ സകരണ ബാങ്കിൽ നിക്ഷേപം വർധിച്ചതായി ബാങ്ക് പ്രസിഡന്റ് കണ്ണൻ അവകാശപ്പെട്ടു. ആദ്യമാദ്യം പിൻവലിച്ചവരൊക്കെ വീണ്ടുംതിരിച്ചുകൊണ്ടുവന്നു. ഇതൊരു പ്രചാരണം മാത്രമാണ്, ഒരു കുഴപ്പവുമില്ലെന്ന് എല്ലാവർക്കും മനസ്സിലായി. നിക്ഷേപകരിൽ ആർക്കെങ്കിലും പിൻവലിക്കാൻ വന്നിട്ട് ഒരു രൂപ പോലും കിട്ടിയില്ലെന്ന ആക്ഷേപം ഈ ബാങ്കിനെക്കുറിച്ച് ഉണ്ടായിട്ടില്ലെന്ന് എം.കെ. കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

