KSDLIVENEWS

Real news for everyone

സുരക്ഷിതമെന്ന് പറയാൻ ഒരിടവുമില്ല; മാതാവും സഹോദരങ്ങളും കൊല്ലപ്പെടും മുമ്പ് ഗാസയിൽ നിന്നൊരു വീഡിയോ ആരുടെയും കണ്ണ് നനയ്പ്പിക്കുന്നു / video

SHARE THIS ON

ഗാസ: ‘ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ…’ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന് തരിപ്പണമായ തങ്ങളുടെ ജന്മഭൂമിയിൽ നിന്നുകൊണ്ട് അപേക്ഷിക്കുകയാണ് ഒരു പെൺകുട്ടിയും അവളുടെ സഹോദരനും. ആരുടെയും കണ്ണുനനയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ ഗാസയിൽനിന്ന് പുറത്തുവരുന്നത്. അൽജസീറയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വഹീൽ അൽ ദഹ്ദുവിന്റെ മക്കളാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ‘എന്താണ് ഗാസയിൽ സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയുമോ?’ എന്ന് പറഞ്ഞുതുടങ്ങുന്ന വീഡിയോയിൽ ഗാസയിലെ നിലവിലെ സാഹചര്യം ലോകത്തിന് മുമ്പിൽ കാണിച്ചുതരികയാണ് വഹീലിന്റെ മക്കളായ ഖൊലൂദും മഹ്മൂദും. ഗാസയിൽ സുരക്ഷിതമെന്ന് പറയാൻ ഒരു സ്ഥലവും ബാക്കിയില്ലെന്നും വീഡിയോയിൽ ഇരുവരും പറഞ്ഞുവെക്കുന്നു. ദിവസങ്ങൾക്ക് ശേഷം ഇവരുടെ മാതാവും രണ്ടു സഹോദരന്മാരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലായിരുന്നു ഇവർ. ഗാസയിലെ ഏറ്റവും സുരക്ഷിതമായ പ്രദേശമെന്ന് ഇസ്രയേൽ പറഞ്ഞിരുന്ന സ്ഥലമായിരുന്നു ഇത്. എന്നാൽ, ഇവിടേയും ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു. വഹീലിന്റെ ഭാര്യയും പതിനഞ്ചും ഏഴും വയസുള്ള മകനും മകളുമാണ് ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ കുട്ടിയെ ചേർത്തുനിർത്തി പൊട്ടിക്കരയുന്ന വഹീലിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ ബുധനാഴ്ച രാത്രിയോടെ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ.യുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിനോട് ഇന്ധനം ചോദിക്കൂവെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ മറുപടി. അഞ്ചുലക്ഷം ലിറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചിരുന്നു. ഇന്ധനമില്ലാത്തതിനാൽ ഗാസയിലെ 35 ആശുപത്രികളിൽ 15 എണ്ണവും പൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!