ഇസ്രയേൽ കൂട്ടക്കുരുതിയിൽ ഗാസയില്‍ മരിച്ചുവീഴുന്ന കുരുന്നുകളെ വരെ കളിയാക്കി ഇസ്രായേലി സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ നിറയുന്നു

ഗാസസിറ്റി: ഇസ്രായേലിന്‍റെ സമ്ബൂര്‍ണ ഉപരോധത്തിലും വ്യോമാക്രമണത്തിലും ഗസ്സയില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ നരകയാതന അനുഭവിക്കുന്ന, ഏത് നിമിഷവും മരണം പ്രതീക്ഷിക്കുന്ന ഫലസ്തീൻ ജനതയെ അപഹസിച്ചുള്ള വിഡിയോകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍.
ഇസ്രായേലി സമൂഹമാധ്യമ ഇൻഫ്ലുവേഴ്സാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്, ടിക്ടോക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഗസ്സയിലെ ജനങ്ങളെ കളിയാക്കിയുള്ള വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത്.
ഇസ്രായേലിന്‍റെ മനുഷ്യത്വരഹിത ആക്രമണം തുടരുമ്ബോള്‍ കനത്ത മാനുഷിക ദുരന്തമാണ് ഗസ്സ അനുഭവിക്കുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല, പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളില്‍ പോലും സൗകര്യമില്ലാത്ത അവസ്ഥ. സുരക്ഷിതമായ ഒരു തരി മണ്ണുപോലുമില്ല. ഇതിനെയാണ് ഇസ്രായേലി സെലബ്രിറ്റികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നത്.
ഫലസ്തീനികളുടെ വേഷം ധരിച്ച് തക്കാളി സോസ് മുഖത്ത് പുരട്ടി കൊല്ലപ്പെട്ടതുപോലെ കിടക്കുക, കൊച്ചുകുട്ടികളെ വരെ ഉപയോഗിച്ച് ഫലസ്തീനികളെ അപഹസിക്കുക, ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കളിയാക്കിക്കൊണ്ടുള്ള വിഡിയോകള്‍ ചെയ്യുക തുടങ്ങിയവാണ് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേലിന്‍റെ നിഷ്ഠൂരമായ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളെ പോലും പാവകളെ ഉപയോഗിച്ച് അപഹസിക്കുകയാണ്. വെള്ളമില്ലാതെ ഗസ്സക്കാര്‍ യാതന അനുഭവിക്കുമ്ബോള്‍ ഇസ്രായേലികള്‍ വെള്ളം പാഴാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. ലൈറ്റ് ഓഫാക്കിയും ഓണാക്കിയും ഗസ്സയിലെ വൈദ്യുതിയില്ലായ്മയെ പരിഹസിക്കുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് വിഡിയോകളാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായുള്ളത്.
മനുഷ്യത്വരഹിതമായ ഇത്തരം വിഡിയോകള്‍ക്കെതിരെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ നടപടിയെടുക്കുന്നില്ല. അതേസമയം, ഗസ്സയിലെ ദുരവസ്ഥ പുറംലോകത്തെത്തിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമുണ്ട്. ‘ഐ ഓണ്‍ ഫലസ്തീൻ’ എന്ന ഇൻസ്റ്റഗ്രാം പേജിന് 60 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ടായിരുന്നു. ഗസ്സയിലെ നിരവധി ദുരന്തചിത്രങ്ങള്‍ ഈ പേജിലൂടെ പുറംലോകം കണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച ഈ പേജ് അപ്രത്യക്ഷമായി. ഹാക്കിങ് ശ്രമം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അക്കൗണ്ട് ലോക്ക് ചെയ്തതെന്നാണ് മെറ്റയുടെ വിശദീകരണം. ഇതുകൂടാതെ, നൂറുകണക്കിന് ഫലസ്തീൻ അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുണ്ട്.

