വന്ദേഭാരതിനുവേണ്ടി മറ്റുവണ്ടികള്‍ പിടിച്ചിടുന്നില്ല, പലതീവണ്ടികളും കൃത്യസമയത്തെന്ന് റെയില്‍വെ

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരത് തീവണ്ടികള്‍ മറ്റ് തീവണ്ടികളുടെ സമയനിഷ്ഠയ്ക്ക് പ്രതികൂലല്ലെന്ന് ദക്ഷിണറെയില്‍വേ. വന്ദേഭാരത് തീവണ്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ഒരു തീവണ്ടിയെയും പിടിച്ചിടുന്നില്ലെന്നും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് വന്ദേഭാരത് ആരംഭിച്ചപ്പോള്‍ വേണാട് എക്സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള സമയം 10 മിനിറ്റ് വൈകിപ്പിച്ചു. എന്നാല്‍, എറണാകുളം, ഷോര്‍ണൂര്‍ സ്റ്റേഷനുകളില്‍ എത്തുന്ന സമയം നേരത്തേയുള്ളതുതന്നെയാണ്.
എറണാകുളം-അമ്പലപ്പുഴ റൂട്ടിലെ സിംഗിള്‍ലൈന്‍ വഴി വന്ദേഭാരത് സഞ്ചരിക്കുമ്പോള്‍ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ക്ക് ക്രോസിങ് ഉണ്ടായിരുന്നു. അവയുടെ സമയം 20 മിനിറ്റ് വേഗത്തിലാക്കി. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചേര്‍ത്തലയില്‍ ഒരു ക്രോസിങ് ഉണ്ടെങ്കിലും നിശ്ചയിച്ച സമയത്തുതന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. രാജധാനി എക്സ്പ്രസ് നിശ്ചിത സമയക്രമത്തില്‍ത്തന്നെ ഓടിക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്.
കൊച്ചുവേളിയിലെ വെള്ളക്കെട്ടും തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള മണ്ണിടിച്ചിലും വൈകലിന് കാരണമായിട്ടുണ്ട്. ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്, എറണാകുളം-കായംകുളം എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂര്‍ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് എന്നിവയുടെ കഴിഞ്ഞയാഴ്ചത്തെ സമയകൃത്യത 100 ശതമാനമാണെന്നും റെയില്‍വേ അറിയിച്ചു.
തീവണ്ടിയിലെ തിരക്ക്: പരാതി നല്‍കാനൊരുങ്ങി യാത്രക്കാര്‍
കണ്ണൂര്‍: തീവണ്ടിയിലെ തിരക്ക് സഹിച്ചുമടുത്ത യാത്രക്കാര്‍ എല്ലാ ജില്ലകളിലും റെയില്‍വേയ്ക്കെതിരേ പരാതി നല്കുന്നു. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റികളിലാണ് പരാതി നല്‍കുന്നത്. കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന് കണ്ണൂരില്‍ പരാതി നല്കി. കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആര്.പ്രശാന്ത് കുമാര്‍, ആര്.രഞ്ജിത്ത് കണ്ണൂര്‍ എന്നിവര്‍ അഡ്വ. മനോജ്കുമാര്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കോഴിക്കോട് ഡി.എല്‍.എസ്.എ.യിലും പരാതി നല്‍കുന്നുണ്ട്.
പാളം മാറല്‍: സ്റ്റേഷന് മാസ്റ്ററുടെ പിഴവെന്ന് റിപ്പോര്‍ട്ട്
കാഞ്ഞങ്ങാട്: മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാട്ട് പാളംമാറി ഓടിയത് സ്റ്റേഷന്മാസ്റ്ററുടെ പിഴവെന്ന് സ്ഥിരീകരിച്ച് റെയില്‍വേ. പാലക്കാട് ഡിവിഷണല്‍ കാര്യാലയത്തില്‍നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് വ്യാഴാഴ്ച വൈകിട്ടാണ് പാളംമാറി ഓടിയത്.
സ്റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ളാറ്റ്ഫോമില്‍ വരേണ്ടിയിരുന്ന വണ്ടി പ്ളാറ്റ്ഫോമില്ലാത്ത നടുവിലെ പാളത്തിലേക്കാണ് എത്തിയത്. സ്റ്റേഷന് മാസ്റ്റര്‍ നല്കിയ സിഗ്നലിലെ തകരാറാണ് തീവണ്ടി തെറ്റിയോടാനിടയാക്കിയത്. ഇതോടെ തീവണ്ടിയില്നിന്നിറങ്ങാനും കയറാനും യാത്രക്കാര്‍ ബുദ്ധിമുട്ടി. അതേസമയം ഈ സംഭവത്തെ ലഘൂകരിക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്ലാറ്റ്ഫോമില്ലാത്ത പാളത്തില്‍ വണ്ടിനിന്നത് സ്റ്റേഷന് മാസ്റ്ററുടെ കൈയബദ്ധമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സ്റ്റേഷന്മാസ്റ്റര് ശ്രദ്ധിച്ചുവെന്ന് ആവര്‍ത്തിക്കുന്നു.

