ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍’; മന്ത്രിമാര്‍

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രിമാര്‍.
മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവര്‍ക്ക് 80,90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. ആനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

