സ്ഫോടനം: കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്, അതിനൊപ്പമല്ല കേരളം – മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യകരമായ നിലപാടാണ് കേരളം ഇതിനോട് സ്വീകരിച്ചത്. അതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. സംഭവത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. അദ്ദേഹം എക്സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള് അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം. ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം. എല്ലാവര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടാനും പ്രത്യേക മാനം കല്‍പ്പിക്കാനും തയ്യാറാവുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറ്റവാളിയോ കുറ്റവാളികളോ രക്ഷപ്പെടില്ലെന്ന തരത്തിലുള്ള നടപടികളുമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഫലപ്രദമായ നടപടികള്‍ എടുക്കും. യു.എ.പി.എ. അടക്കമുള്ള വകുപ്പുകള്‍ സ്വാഭാവികമായും വരും. തെറ്റായ പ്രചാരണം നടത്തുന്നത് ആരായാലും കര്‍ക്കശമായ നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളേജില്‍ 27, സണ്‍റൈസ് ആശുപത്രിയില്‍ ആറും സാന്‍ജോയ് ആശുപത്രിയില്‍ നാലും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ രണ്ടും രാജഗിരി ആശുപത്രിയില്‍ രണ്ടുപേരും ചികിത്സയിലുണ്ട്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. അഞ്ചുപേരുടെ നില ഗുരുതരമാണ്. 17 പേര് ഐ.സി.യുവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൊച്ചി ഡി.സി.പി. ശശിധരന് ഐ.പി.എസ്. ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 20 പേര് സംഘത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

