യഹോവ സാക്ഷി’യുടെ വിശ്വാസം തെറ്റാണെന്ന് കാണിക്കാനുള്ള സാഹസമായിരിക്കാമെന്ന് മാര്‍ട്ടിന്റെ ഭാര്യ

കൊച്ചി: തമ്മനം ജങ്ഷനുസമീപം ഫെലിക്സ് റോഡില്‍ ഒരു വീടിന്റെ രണ്ടാംനിലയില്‍ അഞ്ചുവര്‍ഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുകയാണ് മാര്ട്ടിന് ഡൊമനിക്. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഭാര്യയെ തട്ടിവിളിച്ച് പോകുകയാണെന്നുപറഞ്ഞ് ഇറങ്ങുകയായിരുന്നു മാര്ട്ടിന്. എവിടേക്കാണെന്ന് വ്യക്തമായി പറഞ്ഞില്ല. ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണ് ഒപ്പമുള്ളത്. മകന് ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്. എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്ട്ടിന്. പത്താംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണ് ഭാര്യ പ്രദേശവാസികളോട് പറഞ്ഞത്. ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. യഹോവയുടെ സാക്ഷി എന്ന വിശ്വാസസമൂഹത്തോടൊപ്പമായിരുന്നു മാര്‍ട്ടിനും കുടുംബവും. എന്നാല്‍, നാലഞ്ചുവര്‍ഷമായി അവരില്‍നിന്ന് അകന്നു. ഭാര്യയും മക്കളുമൊക്കെ ഈ വിശ്വാസത്തില്‍നിന്ന് അകന്നിരുന്നു. മറ്റേതെങ്കിലും വിശ്വാസസമൂഹത്തോടൊപ്പം ചേര്‍ന്നിരുന്നില്ല. അറസ്റ്റിനുപിന്നാലെ പോലീസ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഇവരുടെ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം മാര്‍ട്ടിന്റെ സാഹസികതയെന്നാണ് ഭാര്യ പോലീസിനോടടക്കം പറഞ്ഞത്. അഞ്ചുമുറിയില്‍ സ്പോക്കണ് ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനം മാര്ട്ടിന് നടത്തിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇത് നിര്‍ത്തി. തുടര്‍ന്ന്, ഗള്‍ഫിലേക്ക് പോയി. അവിടെ നിര്‍മാണക്കമ്പനിയില്‍ ഫോര്‍മാനായി ജോലിചെയ്യുകയായിരുന്നു. രണ്ടുമാസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മാര്ട്ടിന് ഒരു ശല്യക്കാരനായിരുന്നില്ല എന്നാണ് വീട്ടുടമ പറഞ്ഞത്. സമീപവാസികള്‍ക്കും നല്ലതുമാത്രമാണ് പറയാനുള്ളത്. മൊബൈലില്‍ തെളിവെന്ന് സൂചന : റിമോട്ട് ഉപയോഗിച്ച് പ്രതി മാര്ട്ടിന് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്ന് പോലീസ് കണ്ടെടുത്തതായി വിവരം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനം നടത്തിയത് ഡൊമിനിക് തന്നെയാണെന്ന് സ്ഥിരീകരിച്ച പോലീസ് ഫോണില്‍നിന്ന് നിര്‍ണായകമായ മറ്റുതെളിവുകളും കണ്ടെടുത്തിട്ടുണ്ട്. സ്ഫോടകവസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരംലഭിച്ചിട്ടുണ്ട്. പ്രാര്ഥനായോഗസ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചതെന്നും സംശയമുണ്ട്. ഫൊറന്‍സിക് പരിശോധനയിലൂടെയേ ഇക്കാര്യത്തില്‍ വ്യക്തതവരൂ. ഇയാള്‍ നല്കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷം മാര്ട്ടിന് ഡൊമിനിക്കിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു. മാര്ട്ടിന് ബോംബുണ്ടാക്കാന്‍ പഠിച്ചത് ആറുമാസംകൊണ്ടാണെന്ന് പോലീസ് പറയുന്നു. ഇന്റര്‍നെറ്റിലൂടെയാണ് പഠിച്ചത്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്. മാര്‍ട്ടിന്റെ പൂര്‍വകാലചരിത്രം പോലീസ് ചികയുന്നുണ്ട്. സ്ഫോടനത്തിനുപിന്നില്‍ ഇയാളുടെ പകമാത്രമാണോയെന്നും അന്വേഷിക്കുന്നുണ്ട്. സഭയോടുള്ള പകകൊണ്ട് ഇത്രയുംവലിയ ക്രൂരകൃത്യം ചെയ്യുമോയെന്ന സംശയവും പോലീസിനുണ്ട്.

