അവനെ തൂക്കിലേറ്റണം, നീതിക്കായി കേരളം ഒപ്പംനിന്നു’; ആലുവയിലെ അഞ്ച് വയസുകാരിയുടെ മാതാപിതാക്കള്‍

ആലുവ: മകള്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒപ്പംനിന്നെന്ന് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കള്‍. കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ‘കേരളത്തിലെ പൊതുസമൂഹം, സര്‍ക്കാര്‍, എം.എല്‍.എ., കേരളാ പോലീസ്, മന്ത്രി, ഇവിടത്തെ പഞ്ചായത്ത് മെമ്പര്‍, നാട്ടുകാർ എല്ലാവരും ഞങ്ങളെ പിന്തുണച്ചു. ഇന്ന് അവന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാളെ അവന് വധശിക്ഷ വിധിക്കും. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. അവനെ തൂക്കിക്കൊല്ലണം. തൂക്കിലേറ്റിയില്ലെങ്കില്‍ ഇന്ന് എന്റെ മകളെ കൊന്ന അവന് നാളെ മറ്റൊരാളുടെ മകളെ കൊല്ലും. അവനെ ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് എന്താണ് കാര്യം? അവന് കുറ്റവാളിയാണ്. ഒരു കുട്ടിയെ കൊന്നവന്. അവനെ തൂക്കിക്കൊല്ലുന്നതാണ് നല്ലത്’, അഞ്ചുവയസുകാരിയുടെ പിതാവ് പറഞ്ഞു. പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു കുട്ടിയുടെ അമ്മയുടെയും പ്രതികരണം. ‘അവന് മാപ്പില്ല, വധശിക്ഷ തന്നെ നല്‍കണം. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നെങ്കില്‍ ഞങ്ങള്‍ ഒരുപക്ഷേ മാറി ചിന്തിച്ചേനെ. എന്നാല്‍, അവന് എന്റെ മകളെ കൊന്നുകളഞ്ഞു. കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാറും ഞങ്ങളെ പിന്തുണച്ചു. ഇവിടെയുള്ള എല്ലാവരും എന്റെ മകള്‍ക്ക് നീതി ലഭിക്കാനായി പരിശ്രമിച്ചു. അവന് വധശിക്ഷ തന്നെ വേണം. മറ്റൊന്നും എനിക്ക് സംതൃപ്തി നല്‍കില്ല’, അമ്മ പറഞ്ഞു. ജൂലായ് 28-നാണ് ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്ന സ്ഥലത്തെത്തിച്ച ശേഷമായിരുന്നു ക്രൂരകൃത്യം. പീഡിപ്പിച്ച ശേഷം കുട്ടിയ കൊലപ്പെടുത്തിയ അസ്ഫാക് കല്ലുകൊണ്ട് ഇടിച്ച് മുഖം ചതുപ്പിലേക്ക് താഴ്ത്തുകയും ചെയ്തിരുന്നു. പിറ്റേന്ന് മുഖം വികൃതമായി ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന് നൂറുദിവസം തികയുന്നതിന് മുന്‍പ് അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ച്, വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും. നവംബര്‍ ഒമ്പതിനാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.

