KSDLIVENEWS

Real news for everyone

പിഴയടച്ചില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല; കടുപ്പിച്ച് ഗതാഗതവകുപ്പ്‌

SHARE THIS ON

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫക്കറ്റ് നല്‍കൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളില്‍ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍, കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ റോഡ് അപകടങ്ങളില്‍ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 340 പേര്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞപ്പോള്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവര്‍ പലരും ചികിത്സയിലായതിനാല്‍ മരണനിരക്കില്‍ ഇനിയും വ്യത്യാസം വരാം. ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ 21,865. സഹയാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തത് 16,581. കാറിലെ മുന്‍ സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്-23,296, കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 25,633, മൊബൈല്‍ ഫോണ്‍ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബര്‍ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. ഇക്കാലയളവില്‍ 13 എംപി-എംഎല്‍എ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണങ്ങള്‍ കുറഞ്ഞതിനാല്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി തുക കുറയ്ക്കുവാനും തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് അധിക തുക ചുമത്തുവാനും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനും ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുമായി നവംബര്‍ 15-ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ബോംബെയില്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരിക്കും യോഗം. നവംബര്‍ ഒന്നുമുതല്‍ ഹെവി വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഡ്രൈവര്‍മാര്‍ക്കും മുന്‍നിരയിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റും വാഹനത്തിനുള്ളിലും പുറത്തും ക്യാമറകളും നിര്‍ബന്ധമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തതുമൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെവരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ട് പിഴ അടയ്ക്കാവുന്നതാണ്. എം. പരിവാഹന്‍ എന്ന മൊബൈല്‍ ആപ്പിലൂടെ വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് അറിയുവാന്‍ കഴിയും. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനായി ഇ-ചെല്ലാന്‍ വെബ്‌സൈറ്റില്‍ തന്നെ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!