KSDLIVENEWS

Real news for everyone

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരണം:തൃശൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ 15പേര്‍,പരിശോധന ഫലം ഇന്ന് കിട്ടിയേക്കും

SHARE THIS ON

തൃശൂര്‍: മങ്കി പോക്സ് ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച 22കാരന്‍റെ സമ്ബര്‍ക്കപ്പട്ടികയില്‍ 15 പേര്‍. ഇവരെ ആരോഗ്നിയവകുപ്പ് നിരീക്ഷണത്തിലാക്കി.യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയത് 4 കൂട്ടുകാര്‍ ആണ്. കുടുംബാംഗങ്ങള്‍, ആശുപത്രിയില്‍ കൊണ്ടു പോയവര്‍, ആരോഗ്യ പ്രവര്‍ത്തകരെന്നിവരും നിരീക്ഷണത്തില്‍ ആണ്.നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തുന്ന മുറയ്ക്ക് ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കും


അതിനിടെ ഈ യുവാവിന്‍റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

മരിച്ച യുവാവിന് വിദേശത്ത് വച്ച്‌ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി.സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. യു എ ഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച്‌ കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം.ഇക്കാര്യമന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.പരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്

കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു.

മങ്കിപോക്സ് ഇല്ല; നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന 7 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം

നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേര്‍ക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവര്‍ ആലുവ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

അതിനിടെ, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്ബിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.

മങ്കിപോക്സ്: വാക്സീനും പരിശോധനാ കിറ്റും വികസിപ്പിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ച്‌ ഐസിഎംആര്‍

മങ്കിപോക്സ് വാക്സീന്‍ വികസിപ്പിക്കാന്‍ കേന്ദ്രം. വാക്സീന്‍ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താല്‍പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. രാജ്യത്ത് മങ്കിപോക്സ് കേസുകളും സംശയിക്കപ്പെടുന്ന കേസുകളും കൂടുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്‍റെ (ICMR) നീക്കം. ഉത്തര്‍പ്രദേശില്‍ മങ്കിപോക്സ് ലക്ഷണങ്ങളുമായി രണ്ട് പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരാള്‍ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാള്‍ ദില്ലി എല്‍എന്‍ജിപി ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ‍്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ പത്ത് കിടക്കകള്‍ മങ്കിപോക്സ് രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!