കനത്ത മഴയില്‍ മരണം 2, നാളെ മുതല്‍ മഴ ശക്തിപ്രാപിക്കും, ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ (heavy rain)രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം(death) സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തില്‍ മലവെളളപ്പാച്ചില്‍ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോര്‍ പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയില്‍ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവില്‍ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്
അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിര്‍ദേശം (high alert)നല്‍കിയിട്ടുണ്ട്.മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.മത്സ്യത്തൊഴിലാളികള്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടലില്‍ പോകുന്നതിന് നിരോധനമുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു.കനത്ത മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണില്‍ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത മഴയില്‍ പത്തനംതിട്ടയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. കൊക്കാത്തോട് നെല്ലിക്കാപാറയില്‍ തോട് കര കവിഞ്ഞു
തിരുവനന്തപുരം വിതുരയില്‍ കനത്ത മഴയായിരുന്നു. മക്കിയാര്‍ കരകവിഞ്ഞൊഴുകുകയാണ്.പൊന്‍മുടി,കല്ലാര്‍,മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. കൊല്ലം കുളത്തൂപ്പുഴ അമ്ബതേക്കര്‍ പാലത്തില്‍ വെള്ളം കയറി. ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അമ്ബതേക്കര്‍ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും മാറ്റിയിട്ടുണ്ട്.കുന്നിമാന്‍തോടിന്‍റെ കരയിലെ 8 കുടുംബങ്ങളെയും മാറ്റി
ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടലെന്ന് സംശയം. മൂലമറ്റം വലകെട്ടിയില്‍ ആണ് ഉരുള്‍പൊട്ടിയതായി സംശയം ഉളളത്. മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നുണ്ട്
തീവ്രമഴ, ചെറു മിന്നല്‍ പ്രളയ സാധ്യത, ഇന്ന് 7 ജില്ലയില്‍ ഓറഞ്ച്‌അലര്‍ട്ട്; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഇന്ന് കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.
കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമര്‍ധമായി മാറിയേക്കും. കര്‍ണാടക തമിഴ്നാട് തീരത്തായി ഒരു ന്യൂനമര്‍ദ്ദപാത്തിയും ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ട്രോളിംഗ് അര്‍ധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥ വകുപ്പിന്‍റെ മഴസാധ്യത പ്രവചനം
ഓറഞ്ച് അലര്‍ട്ട്
01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍
03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കൊല്ലം, കോട്ടയം, പത്തനംതിട്ട, മലയോര മേഖലയിലടക്കം കനത്ത മഴ തുടരുന്നു, രണ്ട് മരണം; ഉള്‍വനങ്ങളില്‍ ഉരുള്‍പൊട്ടി? ജാഗ്രത
യെല്ലോ അലര്‍ട്ട്
01-08-2022: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
02-08-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
03-08-2022: കണ്ണൂര്‍, കാസര്‍കോട്
04-08-2022: തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.*
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
മഴ മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മഞ്ഞ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്ബുകളിലേക്ക് മാറ്റേണ്ടതാണ്.
ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്ബുകള്‍ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതല്‍ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24X7 മണിക്കൂറും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതാണ്.
പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകള്‍ക്ക് തയ്യാറായി ഇരിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്ബുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റണം.
മല്‍സ്യ തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.
ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മല്‍സ്യ തൊഴിലാളി ഗ്രാമങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്ബികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം.
ലൈനുകളുടേയും ട്രാന്‍സ്ഫോമറുകളുടെയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളയിടത്ത് അത് പൂര്‍ത്തീകരിക്കേണ്ടതാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത പവര്‍ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.
അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണം. വരും ദിവസങ്ങളില്‍ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കേണ്ടതാണ്.

