KSDLIVENEWS

Real news for everyone

15-കാരിയെ ബലാത്സംഗംചെയ്ത് കൊന്നു, മൃതദേഹം കുഴിച്ചിട്ടു; കോട്ടയത്തെ അരുംകൊലയിൽ പ്രതിക്ക് ജീവപര്യന്തം

SHARE THIS ON

കോട്ടയം: അയര്‍ക്കുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ട കേസില്‍ പ്രതിയായ മണര്‍കാട് മാലംകുഴി നാഗനിലയത്തില്‍ അജേഷി(39)നെയാണ് പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോട്ടയം അഡീഷണല്‍ ജില്ലാ കോടതി-ഒന്ന് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമേ പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ പ്രതി 20 വര്‍ഷം അധികതടവുകൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷ വിധിച്ചത്. 2019 ജനുവരി 17-നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്ന പ്രതി സംഭവദിവസം കുട്ടിയെ ജോലിചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തന്റെ മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി പീഡനശ്രമം എതിര്‍ത്തതോടെ കഴുത്തില്‍ ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം താമസസ്ഥലത്തിന് സമീപം കുഴിച്ചിട്ടു. സംശയത്തെത്തുടര്‍ന്ന് കൃത്യം നടന്ന് പിറ്റേദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒടുവില്‍ മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയും സംഭവസ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും ബോധരഹിതയായശേഷമോ മരണത്തിന് ശേഷമോ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തി. അയര്‍ക്കുന്നം പോലീസാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!