പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്: കെ.കെ. ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

പുൽപ്പള്ളി ∙ പുല്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ.കെ. ഏബ്രഹാം, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ചു. പ്രത്യേക ദൂതന് വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായും കത്ത് കൈമാറിയതായുമാണു വിവരം. ബത്തേരി മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഏബ്രഹാം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി നേതൃത്വം നടപടിക്കൊരുങ്ങിയതിന്റെ പിന്നാലെയാണ് രാജി. വായ്പത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി.രമാദേവിയെയും അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

