രാഷ്ട്രീയ സ്ഫോടനം; ആരോപണം തള്ളി കോൺഗ്രസ്, ‘സംശയിച്ച്’ സിപിഎം

തിരുവനന്തപുരം∙ പല നാളായി കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തെ എകെജി സെന്റർ ആക്രമണം സ്ഫോടനാത്മകമാക്കി. സംയമനം പാലിക്കണമെന്ന് സിപിഎം നിർദേശിച്ചെങ്കിലും അണികൾ അതേപടി പാലിച്ചിട്ടില്ല. പക്ഷേ, സിപിഎം ഭരിക്കുമ്പോൾ അവരുടെ പാർട്ടി ആസ്ഥാനത്തിനു നേരെ സ്ഫോടക വസ്തു എറിയാൻ മുതിർന്നത് ആര് എന്നത് ഇപ്പോഴും ചോദ്യചിഹ്നം.
കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണു സിപിഎം ആഗ്രഹം. കോൺഗ്രസ് തന്നെയാണ് അതു ചെയ്തതെന്നു ചാനലുകളോടു പ്രതികരിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ അഭിപ്രായം പാർട്ടിയോ മുന്നണിയോ അതേപടി ഏറ്റെടുത്തിട്ടില്ല. പിണറായി സർക്കാരിനു തടസ്സം നിൽക്കുന്ന വലതുപക്ഷ ശക്തികളെയാണ് സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയത്. എൽഡിഎഫിനു വേണ്ടി ജയരാജൻ തന്നെ ഇറക്കിയ പത്രക്കുറിപ്പിലും കോൺഗ്രസാണു ചെയ്തത് എന്ന് ആരോപിച്ചില്ല. സർക്കാർ അന്വേഷിച്ചു കണ്ടെത്തിയ ശേഷം അത്തരം പ്രതികരണം മതിയെന്നാണ് ഔദ്യോഗിക തീരുമാനം.

