KSDLIVENEWS

Real news for everyone

ഡോക്ടർമാരുടെ മരണം ഗൂഗിളിന് മാപ്പു നല്കാനാവില്ല; ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

SHARE THIS ON

കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.

എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലാണ് സംഭവം നടന്നത്. ഗൂഗിള്‍ മാപ്പ് തെറ്റായ വഴി കാണിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയും അപകടത്തിന് വഴിവെച്ചു.

ഗൂഗിള്‍ മാപ്പ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുമ്ബ് മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍

നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത, അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നു വിദഗ്ധര്‍ പറയുന്നു. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍

മന:പൂര്‍വമോ അല്ലാതെയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് ഫോണില്‍ സേവ് ചെയ്തു വയ്‌ക്കണം. മാപ്പില്‍ യാത്രാരീതി സെലക്‌ട് ചെയ്യാന്‍ മറക്കരുത്. നാലുചക്ര വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നട യാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണ് വേണ്ടതെന്നു നേരത്തെ തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന വഴിയില്‍ ഫോര്‍ വീലര്‍ പോകില്ലല്ലോ. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.
ഒരു സ്ഥലത്തേക്ക് പോകാന്‍ രണ്ടു വഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്‌ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴിതെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍

മാപ്പ് കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.

ഗതാഗത തടസം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ ‘കോണ്‍ട്രിബ്യൂട്ട്’ എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ ‘ആഡ് ഓര്‍ ഫിക്‌സ് റോഡ്’ എന്ന ഓപ്ഷന്‍ വഴി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!